പാലാ: കെ.എം.മാണിയുടെ ഓർമകൾ നിലനിൽക്കുന്ന പാലാ മണ്ഡലത്തിൽ കെ.എം.മാണിയുടെ പാരമ്പര്യം നിലനിറുത്തി യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് പാലാ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. പിഎസ്‌സിയിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ശ്രമിക്കാതെ യുഡിഎഫ് നേതാക്കന്മാരെ കേസിൽ കുടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതിൽ തെല്ലും ഭയമില്ല. പ്രളയദുരിതത്തിന് നാളിതു വരെ സഹായം ലഭിച്ചില്ല. ശബരിമല വിഷയത്തിൽ യു.ഡി.എഫ് എടുത്ത നിലപാട് ശരിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത പൈസ പോലും കുറ്റമറ്റ രീതിയിൽ ചെലവഴിക്കാൻ സർക്കാരിനു സാധിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കെഎം.മാണിയുടെ ഓർമകളാണ് പാലായിൽ ഏറ്റവും വലിയ ശക്തിയെന്നും വിശ്വാസികൾക്കും കർഷകർക്കും പാവപ്പെട്ടവർക്കും വേണ്ടി പ്രവർത്തിച്ച കെ.എം.മാണിയുടെ പിൻഗാമിക്ക് ജനം വൻ പിന്തുണ നൽകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ, ജോസ് കെ.മാണി എംപി, പി.ജെ. ജോസഫ് എം.എൽ.എ, സ്ഥാനാർത്ഥി ജോസ് ടോം , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മുസലീം ലീഗ് ജനറൽ സെക്രട്ടറി കെ.പിഎ. മജീദ്, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി, ആന്റോ ആന്റണി എം.പി, തോമസ് ചാഴികാടൻ എം.പി, സി.പി. ജോൺ, അനൂപ് ജേക്കബ് എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ.എൻ.ജയരാജ് എം.എൽ.എ, ജോസഫ് വാഴയ്ക്കൻ, ലതിക സുഭാഷ്, ജോഷി ഫിലിപ്പ്, ഇ.ജെ,ആഗസ്തി,സണ്ണി തെക്കേടം, സജി മഞ്ഞക്കടമ്പിൽ, ഫിലിപ്പ് കുഴികുളം, ബിജി ജോജോ, പ്രഫ. സതീഷ് ചൊള്ളാനി, എ.കെ. ചന്ദ്രമോഹൻ, റോയി എലിപ്പുലിക്കാട്ട്, സെബാസ്റ്റിയൻ കുളത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.