ചങ്ങനാശേരി : ഒരുകുടം കുടിവെള്ളം വീട്ടിലെത്തിക്കണമെങ്കിൽ സകല അഭ്യാസവും പയറ്റേണ്ട അവസ്ഥയിലാണ് ചാലച്ചിറ തോട്ടുപുറമ്പോക്കിലെ താമസക്കാർ.വീടിന് മുന്നിൽ തോടും പിന്നിൽ തരിശുനിലവുമാണെങ്കിലും കുടിവെള്ളം വേണമെങ്കിൽ തോടിനക്കരെയിൽ നിന്ന് കൊണ്ടുവരണം.
പതിനെട്ട് വർഷം മുൻപ് നാട്ടുകാരനായ ഷാപ്പുകോൺട്രാക്ടറാണ് ഇന്നു കാണുന്ന തടിപ്പാലം പണിതത്. അതുവരെ ഒരു കിലോമീറ്റർ അപ്പുറമുള്ള ചാലച്ചിറ പാലത്തിലൂടെ ചുറ്റിക്കറങ്ങി പോകേണ്ട ഗതികേടിലായിരുന്നു വീട്ടമ്മമാർ. ഇതോടെ തടിപ്പാലം ഒരു ആശ്വാസമായി.
എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ പാലത്തിലെ തടികൾ ദ്രവിച്ച് അടർന്നുവീഴാൻതുടങ്ങി. ഇപ്പോൾ പാലത്തിൽ പലഭാഗത്തും തടിയില്ലാത്ത അവസ്ഥയാണ്. ഈ പാലത്തിൽ കൂടിവേണം സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ കുടിവെള്ള കുടവുമായി നടന്നുവരാൻ. വർഷങ്ങളായി ഇതുവഴി നടന്നുവന്നവരുടെ കാലുപോലും തടിയുടെ ഇടയിൽപ്പെട്ട് ചതഞ്ഞിട്ടുണ്ടെന്ന് വീട്ടമ്മമാർ പറയുന്നു.
പതിനൊന്ന് കുടുംബങ്ങളാണ് ചാലച്ചിറ കിഴക്കുഭാഗത്തെ തോട്ടുപുറമ്പോക്കിൽ താമസിക്കുന്നത്. പട്ടയമില്ലാത്ത ഈ വീടുകളിൽ കുടിവെള്ള കണക്ഷൻ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോൾ കൈത്താങ്ങായ പാലവും അപകടത്തിലായി.
പാലത്തിന്റെ അറ്റകുറ്റപ്പണി ചെയ്‌തുതരണമെന്ന് ഷാപ്പുടമയോട് നാട്ടുകാർ അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം കൈമലർത്തുകയായിരുന്നു.തുടർന്ന്,
പഞ്ചായത്ത്, വില്ലേജ് അധികൃതർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.
നിർദ്ധനകുടുംബങ്ങളുടെ ആശ്രയമായ നടപ്പാലം അറ്റകുറ്റപ്പണിചെയ്‌ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് ഇത്തിത്താനം വികസനസമിതിയുടെയും നാട്ടുകാരുടെയും ആവശ്യം.