cmfrt

കറുകച്ചാൽ: കറുകച്ചാലിലെ ടാക്‌സി സ്റ്റാൻഡ് കാടു പിടിച്ച് നശിക്കുന്നു. ടൗണിന് നടുവിലായി പഞ്ചായത്ത് ടാക്സി സ്റ്റാൻഡിനായി വാങ്ങിയ സ്ഥലത്ത് നിർമ്മിച്ച കംഫർട്ട് സ്റ്റേഷനാണ് നശിക്കുന്നത്. ഇവിടെ മാലിന്യനിക്ഷേപവും സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമാണെന്നും ആക്ഷേവുമുണ്ട്. കറുകച്ചാൽ-വാഴൂർ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന സ്ഥലം സ്വകാര്യവ്യക്തിയിൽ നിന്ന് 2005ലാണ് പഞ്ചായത്ത് വാങ്ങിയത്. സ്ഥലത്തിന് 76 ലക്ഷം രൂപയാണ് പഞ്ചായത്ത് നൽകിയത്. എന്നാൽ തുക സംബന്ധിച്ച് പഞ്ചായത്തും ഉടമയുമായി തുടക്കം മുതൽതന്നെ തർക്കം നിലനിന്നിരുന്നു. എന്നാൽ തുക പഞ്ചായത്ത് ഹൈക്കോടതിയിൽ കെട്ടിവെച്ചെങ്കിലും ഉടമ തുക കൈപ്പറ്റിയില്ല. പിന്നീട് 25 ലക്ഷം ചെലവാക്കി പഞ്ചായത്ത് ഇവിടെ കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കുകയായിരുന്നു. എന്നാൽ, സ്ഥലം ഉടമ വീണ്ടും കോടതിയെ സമീപിച്ചതിനാൽ മറ്റു നിർമ്മാണങ്ങൾ നിറുത്തിവയ്ക്കേണ്ടി വന്നു. ടാക്സി സ്റ്റാൻഡ് നിർമ്മിക്കാനും സാധിച്ചില്ല. നിർമ്മാണം കഴിഞ്ഞ് മൂന്നു വർഷം പിന്നിട്ടിട്ടും കംഫർട്ട് സ്റ്റേഷനും തുറക്കാൻ സാധിച്ചില്ല. ഇതാണ് ഇപ്പോൾ കാടുപിടിച്ച് നശിക്കുന്നത്. കംഫർട്ട് സ്റ്റേഷന്റെ ജനൽ ചില്ലുകളും ടൈലുകളും പലതും എറിഞ്ഞു തകർക്കപ്പെട്ട നിലയിലുമാണ്. ചാക്കുകളിലും മറ്റും കെട്ടി ഇവിടെ മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാരും പറയുന്നു.

സ്ഥലം ഉടമ കോടതിയിൽനിന്നു സ്റ്റേ വാങ്ങിയതോടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെയ്‌ക്കേണ്ടി വന്നു. സ്ഥല ഉടമയ്ക്ക് അനുകൂലമായാണ് വിധി വന്നത്. സ്ഥലം ഏറ്റെടുത്തതിലും സർവേയിലും പാളിച്ചകളുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. സ്ഥലത്തെ സംബന്ധിച്ചുള്ള കേസും വാദവും നടന്നു വരികയാണ് -- ബി.ബിജുകുമാർ പഞ്ചായത്ത് പ്രസിഡന്റ് )