കോട്ടയം: കഴിഞ്ഞ ദിവസം പാലായിലെ യു.ഡി.എഫ് കൺവെൻഷനിൽ പി.ജെ. ജോസഫിനെ ജോസ് വിഭാഗം പ്രവർത്തകർ കൂക്കിവിളിച്ചതിന് പിറകെ മാണി ഗ്രൂപ്പ് മുഖപത്രമായ 'പ്രതിച്ഛായ'യിലെ പരിഹസിച്ചുള്ള ലേഖനം കൂടിയായപ്പോൾ തമ്മിലടി വീണ്ടും രൂക്ഷമായി.
ലേഖനം തള്ളി ജോസ് കെ. മാണി രംഗത്തു വന്നെങ്കിലും ക്ഷുഭിതനായ ജോസഫ് ലേഖനത്തിന് പിന്നിൽ ജോസാണെന്ന സൂചന നൽകിയായിരുന്നു പ്രതികരിച്ചത്. പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കണമെന്നാഗ്രഹമുള്ളവർ ഇങ്ങനെ ചെയ്യുമോ എന്നു ചോദിച്ച ജോസഫ് മാണിയുടെ പക്വത ജോസിനില്ലെന്നും കുറ്റപ്പെടുത്തി.
ഉപതിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കെ ജോസഫിനെതിരെ ലേഖനം വന്നതിനെ യു.ഡി.എഫ് നേതാക്കളും വിമർശിച്ചതോടെ ലേഖനം പാർട്ടിയുടെ നിലപാടല്ലെന്നും അന്വേഷിച്ച് നടപടി എടുക്കുമെന്നും ജോസിന് പറയേണ്ടി വന്നു.
പാലായിൽ ശകുനം മുടക്കാൻ നിന്നവർ വിഡ്ഢികളായെന്ന് പരിഹസിക്കുന്ന ലേഖനത്തിൽ ചില നേതാക്കൾ അപസ്വരം മുഴക്കി നോക്കു കുത്തിയെപ്പോലെ നിന്ന് വഴിമുടക്കികളായെന്നും ഇവർ മുൻപല്ല് കൊണ്ട് ചിരിക്കുകയും അണപ്പല്ല് കൊണ്ട് ഇറുമ്മുകയും ചെയ്യുന്നെന്നുമാണ് പരിഹസിക്കുന്നത്. സ്ഥാനാർത്ഥി നിർണയം ജോസിന്റെ ജനപ്രീതി ഉയർത്തിയെന്നും അവകാശപ്പെടുന്നു.