കുറവിലങ്ങാട് : കാറ്റൊന്ന് ആഞ്ഞുവീശിയാൽ നിലംപൊത്താവുന്ന കെട്ടിടം. ആകെയുള്ളത് ഒരു കുടുസ് മുറി മാത്രം. അതിന്റെ നാല് ചുവരുകൾക്കുള്ളിൽ കളിച്ചും ചിരിച്ചും അവർ ദുരിതപഠനം നടത്തുകയാണ്. കടപ്ലാമറ്റം പഞ്ചായത്തിലെ 1, 7, 9 വാർഡുകളിലെ മൂന്ന് അംഗൻവാടികളുടെയും അവസ്ഥ പരിതാപകരമാണ്. ഇതിൽ ഒൻപതാം വാർഡിലെ അംഗൻവാടി പ്രവർത്തിക്കുന്നത് മൂന്നാം വാർഡിലാണ്. 19 വർഷത്തിലേറെയായി ഒറ്റമുറി വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തനം.
സ്ഥലപരിമിതി മൂലം ജീവനക്കാർ പണം മുടക്കി ഒരു മുറിയും ടോയ്ലെറ്റും കൂട്ടിയെടുത്തു. മുറിയുടെ വശങ്ങൾ നെറ്റ് ഉപയോഗിച്ച് മറച്ചിരിക്കുന്നതിനാൽ മഴ പെയ്താൽ വെള്ളം അടിച്ചുകയറും. കുട്ടികൾക്കായുള്ള ആഹാരം പാകം ചെയ്യുന്നത് സമീപത്തെ വീടിനോട് ചേർന്നാണ്. മഴനനയാതിരിക്കാൻ മുകൾഭാഗം ടാർപോളിൻ ഉപയോഗിച്ച് മൂടിയിരിക്കുകയാണ്. പുതിയ അംഗൻവാടി നിർമ്മിക്കുന്നതിനായി അധികൃതരെ സമീപിച്ചെങ്കിലും സ്ഥലം ലഭ്യമാക്കിയാൽ കെട്ടിടം നിർമ്മിച്ച് തരാമെന്ന മറുപടിയാണ് ലഭിച്ചത്.
ഒന്നാം വാർഡിലെ അംഗൻവാടിയും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. കാലപ്പഴക്കത്താൽ കെട്ടിടം ജീർണാവസ്ഥയിലാണ്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥലം ലഭിച്ചിച്ചെങ്കിലും നടപടികളൊന്നുമായില്ല.
ഏഴാം വാർഡിലെ അംഗൻവാടിയും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
" അംഗൻവാടി തുടങ്ങിയ കാലം മുതൽക്ക് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്ഥലം ലഭ്യമാക്കിയാൽ കെട്ടിടം നിർമ്മിച്ചു തരാമെന്നാണ് അധികൃതർ പറയുന്നത്.
ചന്ദ്രവല്ലി , ഒൻപതാം വാർഡ് അംഗൻവാടി ഹെൽപ്പർ
അംഗൻവാടികൾ 1,7,9 വാർഡുകളിൽ
പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ
കെട്ടിടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിൽ