തലയോലപ്പറമ്പ് : സ്‌കൂൾ കവാടത്തിന് മുന്നിലെ റോഡിലും സ്‌കൂൾ അങ്കണത്തിലും ഉള്ള വെള്ളക്കെട്ടിന് ആര് പരിഹാരം കാണും. വടയാർ ഇളങ്കാവ് ഗവ. യു പി സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ ചോദ്യമാണിത്. വർഷങ്ങളായി സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപരും, പ്രദേശവാസികളും വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിലേക്ക് വന്നു പോകുന്ന ഭക്തരും അടക്കം നൂറ് കണക്കിന് കാൽനടയാത്രക്കാരും ഈ ചെളി നിറഞ്ഞ റോഡിലൂടെയാണ് ദുരിതയാത്ര ചെയ്യുന്നത്. മഴ പെയ്താൽ രണ്ടടിയിലേറെ ഉയരത്തിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണ് ഇവിടെ അതിലൂടെ നീന്തിയാണ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ സ്‌കൂളിൽ എത്തുന്നത്. റോഡിന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന യു.പി സ്‌കൂളിൽ 150 ഓളം വിദ്യാർത്ഥികളാണ് ഉള്ളത്. അഞ്ച് വർഷത്തിലധികമായി സ്‌കൂളിലേക്കുള്ള റോഡ് പൊട്ടിപൊളിഞ്ഞ് കുഴികളിൽ വെള്ളം കെട്ടി നിൽക്കുനന്തിനാൽ വഴി നടക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. മഴ പെയ്താൽ മുട്ടോളം പൊക്കത്തിൽ ചെളിവെള്ളമാണ് ഇതുവഴി ഒഴുകുന്നത്. സ്‌കൂൾ വഴിയിലൂടെ ഒഴുകി വരുന്ന മലിന ജലം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ ഇവിടെ കെട്ടിക്കിടന്ന് സാക്രമിക രോഗങ്ങൾ വരെ പടരാൻ സാദ്ധ്യത ഏറെയാണ്. ചെളിവെള്ളത്തിലൂടെയുള്ള യാത്ര മൂലം സ്‌കൂൾ യൂണിഫോമും ഷൂസും സോക്‌സും നനയുന്നതും യൂണിഫോമിൽ ചെളി നിറയുന്നതും പതിവാണെന്നും കുട്ടികൾ പറയുന്നു.കഴിഞ്ഞ 3 തവണയായി ഉണ്ടായ പ്രളയത്തിൽ സമീപത്തെ പുഴയിൽ നിന്നും വെള്ളം കയറി റോഡും സ്‌കൂൾ പരിസരവും കൂടുതൽ തകർന്നതോടെ ഏറെ ദുരിതപൂർണ്ണമായ സ്ഥിതിയാണ്. മുൻപ് സ്‌കൂളിന് പ്രവേശന കവാടം നിർമ്മിച്ച് അവിടെ ഗേറ്റ് സ്ഥാപിക്കാൻ പഞ്ചായത്ത് നീക്കം നടത്തിയെങ്കിലും ദേവസ്വം ബോർഡിന്റെ എതിർപ്പിനെ തുടർന്ന് അത് നടക്കാതെ പോകുകയായിരുന്നു. റോഡ് പഞ്ചായത്തിന്റെ ആസ്ഥിരേഖകളിൽ ഇല്ലാത്തതാണ് കാരണമായി പറയുന്നത്. എന്നാൽ സ്‌കൂളിന് സമീപത്തെ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലും ഇതിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലേക്കും മറ്റും വരുന്ന നൂറ് കണക്കിന് ഭക്തജനങ്ങൾ ഉൾപ്പടെയുള്ളവർ പോകുന്ന ഈ റോഡ് ദേവസ്വം ബോർഡ് ഇടപെട്ട് നന്നാക്കിയാൽ സ്‌കൂൾ കുട്ടികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത്, ദേവസ്വം ബോർഡ് അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യം ശക്തമാണ്.
കമന്റ്
എം.അനിൽകുമാർ ( വാർഡ് മെമ്പർ)
സ്കൂളിലേക്ക് പോകുന്ന റോഡ് പഞ്ചായത്തിന്റെ ആസ്ഥി രേഖകളിൽ ഇല്ലാത്തിനാൽ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ഉണ്ടെങ്കിലും കഴിയാത്ത അവസ്ഥയാണ്.