സപ്ളൈവിഭാഗവും ഭക്ഷ്യസുരക്ഷാവകുപ്പും പരിശോധന തുടങ്ങി

കോട്ടയം : ഓണം പ്രമാണിച്ച് ഭക്ഷ്യസുരക്ഷാവകുപ്പും സപ്ളൈവിഭാഗവും കടകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ. 296 കടകളിൽ പരിശോധന നടത്തിയപ്പോൾ 96 കടകൾക്കെതിരെ നടപടിയെടുത്തു. 103 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 31 സ്ഥാപനങ്ങൾക്ക് പിഴയീടാക്കി. ജില്ലാ കളക്ടർ, സപ്ളൈ ഓഫീസർ എന്നിവർ മേധാവികളായ രണ്ട് സ്ക്വാഡുകളായാണ് സപ്ളൈ വിഭാഗം പരിശോധന നടത്തിയത്. ഹോട്ടലുകൾ, പച്ചക്കറികൾ, പലചരക്ക് കടകൾ, റേഷൻ കടകൾ, പാചക വാതക ഏജൻസികൾ എന്നിവിടങ്ങിളിലായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയാൽ പൊതുജനങ്ങൾക്കും പരാതി നൽകാം. പാൽ,​ പച്ചക്കറി,​ പഴവർഗങ്ങൾ തുടങ്ങിയവയാണ് പരിശോധിച്ചത്. 14 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

പരിശോധിക്കുന്നത്

ഗുണമേന്മയില്ലാത്ത സാധനങ്ങൾ വിൽക്കുക

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക

ബില്ല്, ലൈസൻസ്, ആരോഗ്യകാർഡ്

അളവ്തൂക്കം,കാലാവധി

ഭക്ഷ്യസുരക്ഷാവകുപ്പിന്റെ 3 സ്ക്വാഡുകൾ

ക്രമക്കേടുകൾ അറിയിക്കാം : 8943346185

താത്കാലിക സ്റ്റാളുകൾക്കും ലൈസൻസ്

ഓണത്തിന് പായസവും സദ്യയും ഉപ്പേരിയുമുണ്ടാക്കി ചുളിവിൽ വിൽക്കാൻ പറ്റില്ല. താത്കാലിക സംവിധാനം തുടങ്ങുന്നവർക്കും ഭക്ഷ്യസുരക്ഷാവകുപ്പ് ലൈസൻസ് നേടണം. സ്റ്റാളുകളിൽ ഭക്ഷണസാധനങ്ങൾ വിറ്റാലും ലൈസൻസ് നിർബന്ധമാണ്.