കോട്ടയം : പ്രചാരണം കൊഴുപ്പിച്ച് പാലായിൽ മുന്നണികൾ. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമും, ബി.ജെ.പി സ്ഥാനാർത്ഥി എൻ.ഹരിയും കൺവെൻഷനുകളിൽ സജീവമായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ ആദ്യഘട്ട ബൂത്ത് കൺവെൻഷനുകൾ പൂർത്തിയാക്കി. 10 വരെയാണ് യു.ഡി.എഫ് ബൂത്ത് കൺവെൻഷനുകൾ. സ്‌ക്വാഡ് വർക്കുകൾ കുടുംബസംഗമങ്ങൾ എന്നിവയും നടക്കും. 14 മുതൽ 20 വരെ മണ്ഡലത്തിൽ സ്ഥാനാർത്ഥി പര്യടനം നടക്കും.
14,15,16 തീയതികളിലായി എൽ.ഡി.എഫ് രണ്ടാംഘട്ട കൺവെൻഷൻ പൂർത്തിയാക്കും. 12 മുതൽ 17 വരെ സ്ഥാനാർത്ഥി പര്യടനം. 17,18,19 തീയതികളിലാണ് പഞ്ചായത്ത് റാലികളും പൊതുസമ്മേളനവും. 8 വരെയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ കൺവെൻഷൻ. 12 ന് മുൻപായി ബൂത്തുതല കൺവെൻഷനുകൾ പൂർത്തിയാക്കും. 5 ബൂത്തുകൾക്ക് ഒരു ഇൻചാർജ് എന്ന ക്രമത്തിലാണ് മേൽനോട്ടം. 12 മുതൽ സ്ഥാനാർത്ഥി പര്യടനം ആരംഭിക്കും. 4 റൗണ്ട് ഭവന സന്ദർശനമാണ് ലക്ഷ്യം.
പ്രചാരണത്തിരക്കിൽ കാപ്പൻ
ഇന്നലെ രാവിലെ മരണവീടുകൾ സന്ദർശിച്ച് അനുശോചനമറിയിച്ചശേഷം കാപ്പൻ എത്തിയത് മുനിസിപ്പൽ ടൗൺഹാളിൽ നടന്ന കെ.പി.എം എസ് സമ്മേളനത്തിലേക്ക്. അയ്യങ്കാളിയുടെ ഫോട്ടോയ്ക്കു മുന്നിൽ ആദരവ് പ്രകടിപ്പിച്ച ശേഷം വോട്ടഭ്യർത്ഥന. തുടർന്ന് പാലാ ബ്രില്യന്റ് കോളേജിൽ. ശേഷം അംഗൻവാടി സ്റ്റാഫ് അസോസിയേഷൻ സംഘടിപ്പിച്ച ഓണസദ്യയിൽ പങ്കെടുക്കാൻ ചെത്തിമറ്റത്തേയ്ക്ക് പുറപ്പെട്ടു. രാമപുരം കൂടപ്പലത്ത് സംഘടിപ്പിച്ച ഓണാഘോഷത്തിലും പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പുറത്തിറക്കിയ സി.ഡിയുടെ പ്രകാശനം ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പളളിക്ക് നൽകി നിർവഹിച്ചു.
പ്രമുഖരെ സന്ദർശിച്ച് ഹരി
രാവിലെ പുലിയന്നൂർ മഹാദേവനെ ദർശിച്ചതിന് ശേഷം മുത്തോലി ,കരൂർ ,മീനച്ചിൽ ,തലപ്പുലം , മൂന്നിലവ് , തലനാട് എന്നിവിടങ്ങളിലെ പ്രമുഖരെ സന്ദർശിച്ച് എൻ.ഹരി വോട്ട് തേടി. കരൂർ ,മീനച്ചിൽ പഞ്ചായത്തുകളിലെ സ്‌കൂളുകളിലെ കുട്ടികളോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുത്തു. തുടർന്ന് പാല മണ്ഡലം എൻ.ഡി.എ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കു ചേർന്നു.