കോട്ടയം : മണർകാട് എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നലെ നടന്ന റാസയിൽ പ്രതികൂലകാലാവസ്ഥയെ അവഗണിച്ചും പതിനായിരങ്ങൾ പങ്കെടുത്തു. മൂന്നരകിലോമീറ്ററിലധികം നീളത്തിൽ മുത്തുക്കുടകളുടെ വർണമേലാപ്പിന് കീഴിൽ നടന്ന റാസയിൽ വർണപ്പകിട്ടിനൊപ്പം വാദ്യഘോഷങ്ങളും പൊലിമ പകർന്നു. വലിയപള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനയ്ക്കുശേഷം അംശവസ്ത്രങ്ങൾ ധരിച്ച വൈദികർ റാസയിൽ പങ്കുചേർന്ന് ആശീർവദിച്ചു. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്‌കോപ്പ, ഫാ. തോമസ് മറ്റത്തിൽ, ഫാ. ജോർജ് കുന്നേൽ എന്നിവർ റാസയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കൽക്കുരിശ്, കണിയാംകുന്ന് കുരിശിൻ തൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാർഥനയ്ക്കുശേഷം മണർകാട് കവലയിൽ റാസ എത്തി. കവലയിലും കരോട്ടെ പള്ളിയിലും ധൂപപ്രാർഥനയ്ക്കുശേഷം അഞ്ചരയോടെ തിരികെ വലിയപള്ളിയിലെത്തിച്ചേർന്നു. വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥനയും നടന്നു.