കോട്ടയം : ഓണ വിപണിയിൽ പ്രിയം വയനാടൻ ഏത്തക്കുലകൾക്ക്. നാടൻ ഏത്തക്കുലയ്ക്ക് വില വർദ്ധിച്ചതാണ് കാരണം. നാടന് കിലോയ്ക്ക് 90 മുതലാണ് വില. രണ്ടാഴ്ച മുമ്പുവരെ മൂന്നുകിലോ വയനാടൻ എത്തയ്ക്ക 100 രൂപയ്ക്കാണ് വിറ്റിരുന്നത്. അതാണ് ഇപ്പോൾ കിലേയ്ക്ക് 70 രൂപയ്ക്ക് വിറ്റഴിക്കുന്നത്. ഒാണത്തിന് വിളവെടുക്കാറായ ഏത്തവാഴകൾ വെള്ളപ്പൊക്കത്തിലും കാറ്റിലും മഴയിലും വൻതോതിൽ നശിച്ചതാണ് കായ്ക്ക് വിലകൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. വയനാട്ടിൽ നിന്നാണ് ഇപ്പോൾ ഏറ്റവും അധികം ഏത്തക്കുലകൾ എത്തുന്നത്. വയനാട്ടിലും പ്രകൃതിക്ഷോഭം കൃഷിയെ ബാധിച്ചിരുന്നു.

ഒരു കിലോ ഉപ്പേരിക്ക് 300 രൂപയാണ് ചിപ്‌സ് സെന്ററുകളിലെ വില. വാഴപ്പഴത്തിനും വില വർദ്ധിച്ചിട്ടുണ്ട്. ഏത്തപ്പഴത്തിന് 90 രൂപയാണ്. പൂവൻ 80, ഞാലി 90, പാളയൻ 50, റോബസ്റ്റ 50 എന്നിങ്ങനെയാണ് വിലയുടെ പോക്ക്. കല്യാണ സീസണായതിനാൽ വാഴയുടെ കായ് മുതൽ ഇലവരെ വിലകൂടിയ അവസ്ഥയിലാണ്.