joseph-and-jose

കോട്ടയം: പാലായിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ജോസ് പക്ഷം കൂക്കിവിളിച്ചതിൽ പ്രതിഷേധിച്ച് ഒന്നിച്ചുള്ള പ്രചാരണത്തിനില്ലെന്നും സമാന്തര യോഗം വിളിച്ച് ഒറ്റയ്ക്ക് പ്രചാരണത്തിനിറങ്ങുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കിയതോടെ യു.ഡി.എഫിൽ പാളയത്തിൽപ്പട ശക്തമായി. ജോസഫിനെ അപമാനിച്ചെന്നാരോപിച്ച് ജോസ് വിഭാഗം നേതാക്കൾക്കെതിരെ ജോസഫ് വിഭാഗം പൊലീസിൽ പരാതി നൽകുകയും ചെയ്തു. 12 നേതാക്കൾക്കും കണ്ടാലറിയാവുന്ന 25 പേർക്കുമെതിരെയാണ് പാലാ സി.ഐക്ക് പരാതി നൽകിയത്.

ജോസഫ് പാലം വലിക്കലാകുമോ എന്ന ഭീതിയിൽ കോൺഗ്രസ് നേതൃത്വം പ്രശ്നത്തിൽ ഇന്നലെ തന്നെ ഇടപെട്ടു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജോസഫുമായും ജോസുമായും ഫോണിൽ സംസാരിച്ചു. ജോസഫിന്റെ നിലപാടിൽ പ്രതിഷേധം അറിയിച്ച മുല്ലപ്പള്ളി തിരഞ്ഞെടുപ്പ് സമയമായതിനാൽ കൂടുതൽ വിവാദങ്ങളിലേക്ക് കടക്കരുതെന്ന് ഇരുവർക്കും നിർദ്ദേശം നൽകി. പ്രശ്നം ചർച്ച ചെയ്യാൻ പാലായിൽ മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളുടെ അടിയന്തരയോഗം ചേർന്നു. ഇരു പക്ഷവുമായി ചർച്ച നടത്താനും തീരുമാനിച്ചു.

തെറിക്കൂട്ടത്തിനൊപ്പം പ്രചാരണത്തിനില്ലെന്നാണ് ജോസഫിന്റെ നിലപാട്. അതേസമയം, പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന ജോസഫ് വിഭാഗത്തിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാനില്ലെന്നാണ് ജോസ് കെ. മാണി അറിയിച്ചത്. സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിലാണ് പ്രവർത്തകരുടെ ശ്രദ്ധയെന്നും ജോസ് പറഞ്ഞു. ജോസഫ്​ വിഭാഗം വിട്ടുനിൽക്കുമെന്ന്​ കരുതുന്നില്ലെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം പറഞ്ഞത്.

പരസ്യമായി ക്ഷമ പറയണം

പ്രചാരണത്തിൽ നിന്ന് ജോസഫ് വിഭാഗം വിട്ടുനിൽക്കുമെന്ന് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലാണ്​ പാലായിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചത്​. ജോസഫിനോട് പരസ്യമായി ക്ഷമ പറയാതെ ഒന്നിച്ചുള്ള പ്രചാരണത്തിനില്ല. പാലായിലെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാൻ ജോസഫ് അനുമതി നൽകിയിട്ടുണ്ട്. തങ്ങൾ വിളിക്കുന്ന സമാന്തര കൺവെൻഷനുകളിൽ ജോസ് വിഭാഗം ഒഴിച്ചുള്ള യു.ഡി.എഫ് നേതാക്കളെ പങ്കെടുപ്പിക്കും. വോട്ട് ആവശ്യമുണ്ടെങ്കിൽ സ്ഥാനാർത്ഥിക്ക് വരാം.

ജോസ് ടോമിന് കൈതച്ചക്ക

യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോസ് ടോമിന് കൈതച്ചക്ക ചിഹ്നമാണ് അനുവദിച്ചത്. 32 വർഷത്തിനു ശേഷം ആദ്യമായാണ് പാലായിൽ രണ്ടില ഇല്ലാതെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുന്നത്. സൈക്കിൾ, ഫുട്ബാൾ ചിഹ്നങ്ങളും ആവശ്യപ്പെട്ടിരുന്നു. കൈതച്ചക്ക നല്ല മധുരമുള്ളതാണെന്നും വോട്ടർമാരെ പരിചയപ്പെടുത്തേണ്ടതില്ലെന്നും ജോസ് ടോം പ്രതികരിച്ചു.

13 സ്ഥാനാർത്തികൾ

പത്രിക പിൻവലിക്കൽ സമയം കഴിഞ്ഞപ്പോൾ 13 സ്ഥാനാർത്ഥികളാണ് പാലായിൽ മത്സര രംഗത്തുള്ളത്.