കടുത്തുരുത്തി: വൈക്കം-ഏറ്റുമാനൂർ റോഡുകളുടെ ഇരുവശങ്ങളിലും കാടുമൂടി കിടക്കുന്നത് വാഹന-കാൽനട യാത്രികരെ ബുദ്ധിമുട്ടിലാക്കുന്നു. ഇരുവശങ്ങളിലും പുല്ലും പച്ചയും വളർന്നിരിക്കുന്നതിനാൽ നടപ്പാതയും ഓടയും തിരിച്ചറിയാൻ സാധിക്കാത്തതാണ് യാത്രികരെ പ്രതിസന്ധിയിലാക്കുന്നത്. ഏറ്റുമാനൂർ-വൈക്കം, കടുത്തുരുത്തി-തോട്ടുവാ റോഡുകളിലാണ് പ്രശ്നം രൂക്ഷം. ഇവിടെ റോഡും ഓടയും തിരിച്ചറിയുകയെന്നത് ഏറെ ശ്രമകരമാണ്. അൽപം ഭയാപ്പാടോടെയല്ലാതെ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനോ, അരിക് ചേർത്ത് നിറുത്താനോ സാധിക്കില്ല. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓടകൾക്ക് മൂടിയില്ലാത്തതും ഇവിടെ ഏറെ അപകടഭീഷണി ഉയർത്തുന്നു. കഴിഞ്ഞദിവസം പാലകര സെന്റ് ജോസഫ് കുരിശുപള്ളിക്ക് സമീപം ഫോൺ ചെയ്യുന്നതിനായി ഡ്രൈവർ കാർ റോഡിന് സമീപത്തേക്ക് ഒതുക്കുന്നതിനിടെ ഓടയിലേക്ക് വീണിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് കാർ ഓടയിൽ നിന്നും പുറത്തെടുത്തത്. ഇത്തരത്തിലുള്ള വാഹനാപകടങ്ങൾ ഇവിടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് മാലിന്യനിക്ഷേപം രൂക്ഷമാണെന്നും പരാതിയുണ്ട്. റോഡരികിലെ പുല്ലും കാടും വെട്ടി നീക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം