സ്ഥാനാർത്ഥിയെ ആദ്യം വെട്ടി പിന്നെ ചിഹ്നം വെട്ടി, അതിന് മറുപടിയെന്നോണം പാർട്ടി മുഖപത്രത്തിൽ നോക്കുകുത്തി, സ്വയം വിഡ്ഢി തുടങ്ങിയ പരിഹാസം .പിറകേ യു.ഡി.എഫ് കൺവെൻഷനിൽ മറ്റ് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ പി.ജെ.ജോസഫിന് കൂവലും തെറി അഭിക്ഷേകവും . ഇനി ജോസ് വിഭാഗത്തിനൊപ്പം വേദി പങ്കിടില്ലെന്നും മറ്റു യു.ഡി.എഫ് നേതാക്കളെ പങ്കെടുപ്പിച്ച് സമാന്തര യോഗങ്ങൾ വിളിക്കുന്നതിൽ താത്പര്യമുണ്ടെങ്കിൽ ജോസ് വിഭാഗം സ്ഥാനാർത്ഥിക്ക് പങ്കെടുക്കാമെന്നുമാണ് മഞ്ഞ കടമ്പന്റെ നിബന്ധന. ജോസ് വിഭാഗവുമായി സഹകരിക്കണമെങ്കിൽ ജോസഫിനോട് ജോസ് വിിഭാഗം സമസ്താപരാധവും ഏറ്റ് പറഞ്ഞ് മാപ്പു പറയണം. ഇതൊന്നും നടക്കില്ലെന്നറിയാം. ഇനി കൂട്ടത്തല്ല് നടക്കുമോ എന്നാണ് നാട്ടുകാർക്ക് അറിയേണ്ടത്. ഒന്നിച്ച് മദ്യപിച്ച ശേഷം തല്ലാൻ ഒരാളെ കിട്ടുന്നില്ലെങ്കിൽ ഒന്നിച്ചു കള്ളുകുടിച്ചവരുടെ പേരെഴുതി നറുക്കുവീഴുന്നവനെ തല്ലുന്നതാണ് ചില പാലാക്കാരുടെ പാരമ്പര്യം. അത് വോട്ടെടുപ്പിന് മുമ്പേ ആവർത്തിച്ച് ജോസഫ് വിഭാഗങ്ങൾ അടിച്ചു പിരിയുമോ എന്നാണ് ഇനി അറിയേണ്ടത്.
കേരളകോൺഗ്രസ് പിളർപ്പന്മാരുടെ പാർട്ടിയായാണ് അറിയപ്പെടുന്നതെങ്കിലും ഒരു തിരഞ്ഞെടുപ്പിൽ ഇത്ര പാരയും മറുപാരയും ആദ്യമെന്നു പറയാം.
പാലായിൽ യു.ഡി.എഫ് കൺവെൻഷനിൽ ജോസഫിനെതിരെ നീണ്ട കൂവലുണ്ടായി. ഇറങ്ങിപ്പോടാ വിളിയുടെ അകമ്പടിയോടെ ഭരണിപ്പാട്ടും ഉണ്ടായെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം. മുട്ടൻ തെറിവിളിച്ചവർക്കെതിരെ മാണിയെ വിട്ട് ജോസഫ് പക്ഷത്തെത്തിയ സജി മഞ്ഞക്കടമ്പിൽ പൊലീസിൽ കേസ് കൊടുത്തു. 12 പ്രതികൾക്കെതിരെയും കണ്ടാൽ അറിയാവുന്ന 25 പേരെയും ചേർത്താണ് കേസ്. ചീത്തവിളിക്ക് പിറകേ മാണിഗ്രൂപ്പ് മുഖപത്രമായ പ്രതിച്ഛായയിൽ ജോസഫിനെ പരിഹസിച്ചുള്ള ലേഖനവും വന്നതോടെ ജോസ്, ജോസഫ് വിഭാഗങ്ങൾ ചേരിതിരിഞ്ഞ് വാക് പോര് തുടങ്ങി.
യു.ഡി.എഫ് കൺവെൻഷനിൽ നേതാക്കൾക്ക് ജയ് വിളിക്കാൻ ജോസ് വിഭാഗം പ്രവർത്തകരാണ് ഏറെയെത്തിയത്. നന്നായി ആഘോഷിച്ച പലരും രണ്ട് കാലിൽ നിൽക്കാൻ പാട് പെടുകയായിരുന്നു. കള്ള്കൊടുത്ത് കാഞ്ഞിരപ്പള്ളിയിൽ നിന്ന് കൊണ്ടുവന്നവരെന്നായിരുന്നു ഇവരെക്കുറിച്ച് ജോസഫ് വിഭാഗത്തിന്റെ പ്രതികരണം. രണ്ടില ചിഹ്നം നഷ്ടമായെന്ന വാർത്ത വന്നതിന് പിറകേ പി.ജെ.ജോസഫ് വേദിയിലേക്ക് കയറിയപ്പോൾ കൂക്കു വിളി മാത്രമല്ല ഇറങ്ങിപോടാ വിളിയുമുണ്ടായി . യു.ഡി.എഫ് നേതാക്കൾ എന്തു ചെയ്യണമെന്നറിയാതെ ഇരുന്നപ്പോൾ ജോസ് എഴുന്നേറ്റു നിന്ന് പ്രവർത്തകരെ ശാന്തരാക്കിയതോടെയാണ് കൂവൽ അവസാനിപ്പിച്ചത്. കൺവെൻഷനിൽ ആദ്യം പ്രസംഗിക്കാൻ ചെയർമാനായ ജോസിനെ വിളിക്കണോ വർക്കിംഗ് ചെയർമാനായ ജോസഫിനെ വിളിക്കണോ യെന്ന കൺഫ്യൂഷനിലായ യു.ഡി.എഫ് നേതാക്കൾ ജോസിന്റെ അഭിപ്രായവും തേടിയായിരുന്നു ജോസഫിനെ ആദ്യം പ്രസംഗിക്കാൻ വിളിച്ചതും. എഴുന്നേറ്റപ്പോൾ പ്രവർത്തകർ നീട്ടി കൂകിയതും . ഒരു പ്രവർത്തകൻ പറിച്ചു കൊണ്ടു വന്ന രണ്ടിലയുമായ് വേദിയിൽ കയറി രണ്ടില ചിഹ്നം നഷ്ടപ്പെട്ട വിഷമത്തിലിരുന്ന സ്ഥാനാർത്ഥി ജോസ് ടോമിന് നൽകി. തൊഴുത് നേരേ നിൽക്കാൻ പാട്പെട്ട ഇയാളെ ഏറെ പണിപ്പെട്ട് ഇറക്കി വിട്ടത് ചിരിക്കാൻ വക നൽകിയ കാഴ്ചയായിരുന്നു. യോഗ ശേഷം വേദി വിട്ടിറങ്ങാനും ജോസഫിന് സംരക്ഷണം വേണ്ടി വന്നു. പ്രതിപക്ഷ നേതാവ് ചെന്നിത്തലക്കൊപ്പം വേദിയിൽ കയറിയ ജോസഫ് മടങ്ങിയത് പൊലീസിന്റെയും പാർട്ടി പ്രവർത്തകരുടെയും സംരക്ഷണവലയത്തിലായിരുന്നു. ഒപ്പമുണ്ടായിരുന്ന ജില്ലാ പ്രസിഡന്റ് മഞ്ഞകടമ്പിലിനെ ജോസ് വിഭാഗം പ്രവർത്തകർ ചെവിക്കുള്ളിൽ ചുണ്ട് ചേർത്തുവെച്ചപോലെയായിരുന്നു ചീത്തവിളിച്ചത്.
രണ്ടില ചിഹ്ന തർക്കത്തിൽ തങ്ങൾക്കുണ്ടായ വിജയത്തെ ചീത്തവിളിച്ചും കൂവിയും തോൽപിക്കാനാകില്ലെന്നായിരുന്നു ജോസഫിന്റെ പക്ഷം . എന്നാ ബാക്കി കൂടി പിടിച്ചോ എന്നു പറഞ്ഞതുപോലായി പാർട്ടി മുഖപത്രംവഴിയുള്ള ചീത്ത വിളിയും.
കുവിയാലും ലേഖനമെഴുതിയാലും യു.ഡി.എഫ് സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കുമെന്ന പറഞ്ഞ ജോസഫിന്റെ പ്രവർത്തനം എങ്ങനെയെന്നറിയാൻ പെട്ടി പൊട്ടിക്കും വരെ കാത്തിരിക്കണമെന്നു മാത്രം!...