കോട്ടയം : കേരള കോൺഗ്രസിന് 32 വർഷത്തിന് ശേഷം പാലായിൽ രണ്ടില ചിഹ്നത്തിന് പകരം കിട്ടിയത് കൈതച്ചക്ക. അകം നിറയെ മധുരമെന്ന് സ്ഥാനാർത്ഥി പ്രതികരിച്ചെങ്കിലും ജോസഫ് വിഭാഗം ജോസ് പക്ഷത്തിനൊപ്പം പ്രചാരണത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ കൈതച്ചക്ക കൈയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.ജെ.ജോസഫിനെ കൂക്കിവിളിച്ചെന്നാരോപിച്ചാണ് ജോസഫ് വിഭാഗത്തിന്റെ പ്രതിഷേധം.
സമാന്തരയോഗങ്ങൾ വിളിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തുമെന്ന് ജോസഫ് പറഞ്ഞെങ്കിലും ഇത് പാര പണിയലാകുമോ എന്നാണറിയേണ്ടത്. ജോസഫിനെ അപമാനിച്ചതിന് 12 ജോസ് വിഭാഗം നേതാക്കൾക്കെതിരെയും കണ്ടാൽ തിരിച്ചറിയാവുന്ന 25 പ്രവർത്തകർക്കെതിരെയും ജോസഫ് വിഭാഗം കേസ് നൽകിയിട്ടുണ്ട് .പരസ്യമായി ജോസഫിനോട് മാപ്പ് പറയണമെന്നാണ് ആവശ്യം. തിരഞ്ഞെടുപ്പ് കഴിയും വരെ പരസ്യ പ്രസ്താവന നടത്തരുതെന്ന് ഇരുവിഭാഗം നേതാക്കൾക്കും യു.ഡി.എഫ് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓട്ടോറിക്ഷ ,ഫുട്ബാൾ ചിഹ്നങ്ങളും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഓട്ടോറിക്ഷയ്ക്ക് മറ്റ് സ്വതന്ത്രരും അവകാശമുന്നയിച്ചതോടെ ആരും അവകാശപ്പെടാതിരുന്ന കൈതച്ചക്ക ജോസ് ടോമിന് ലഭിക്കുകയായിരുന്നു.
രണ്ടില റബറിന്റെ ഓർമ്മ ഉണർത്തുമെങ്കിൽ കൈതച്ചക്ക റബർമരങ്ങൾക്കിടയിൽ ഇടവിളയെന്ന നിലയിലും പാലായിലെ വോട്ടർമാർക്കിടയിൽ സുപരിചിതമാണ്. പാലായിലെ ചുവരുകളിൽ സ്ഥാനാർത്ഥിയുടെ പേരിനൊപ്പം ചിഹ്നം ഇതുവരെ വരച്ചിട്ടില്ല. സ്വതന്ത്രനായതിനാൽ ബാലറ്റ് പേപ്പറിൽ മുന്നണി സ്ഥാനാർത്ഥികൾക്ക് താഴെ 11 സ്വതന്ത്രന്മാർക്കിടയിലാണ് ടോം ജോസിന്റെ സ്ഥാനം.