കോട്ടയം: ചരിത്രം തിരുത്തിയെഴുതിയ താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗ് അക്ഷരനഗരിക്ക് ആവേശമായി. 120 വർഷമായി ജനപങ്കാളിത്തത്തോടെ നടന്നുവന്ന ജലോത്സവം വിനോദസഞ്ചാര വികസന വകുപ്പിന്റെ പങ്കാളിത്തത്തോടെ അടിമുടി പരിഷ്കരിച്ചാണ് ഇത്തവണ നടത്തിയത്. 9 ചുണ്ടൻവള്ളങ്ങളും ഇരുട്ടുകുത്തി, വെപ്പ്, ചുരുളൻ വള്ളങ്ങളുമുൾപ്പെടെ 20 ഹീറ്റ്സ് മത്സരങ്ങളാണ് ഇന്നലെ നടന്നത്. ഓരോ ഹീറ്റ്സിലും 3 വള്ളങ്ങൾ വീതം മത്സരിച്ചതോടെ മീനച്ചിലാറിന്റെ ഓളപ്പരപ്പിൽ ആവേശം തിരയിളകി.
ചുണ്ടൻവള്ളങ്ങളുടെ ചാമ്പ്യൻസ് ലീഗിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജേതാക്കളായി. മീനച്ചിലാറിന്റെ ഇരുകരകളിലും അണിനിരന്ന പതിനായിരങ്ങളെ സാക്ഷി നിറുത്തി 3.23.86 മിനിറ്റ് കൊണ്ടാണ് നടുഭാഗം തുഴഞ്ഞുകയറിയത്. കുമരകം എൻസിഡിസി ബോട്ടുക്ലബ്ബിന്റെ ദേവാസും കുമരകം വേമ്പനാട് ബോട്ട് ക്ലബ് വീയപുരവും അന്ത്യന്തം വാശിയേറിയ ഫോട്ടോ ഫിനിഷിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ദേവാസ് 3.25.49 മിനിറ്റിലും വീയപുരം 3.25.85 മിനിറ്റിലുമാണ് ഫിനിഷ് ചെയ്തത്. ഹീറ്റ്‌സ്, ഫൈനൽ മത്സരങ്ങളിൽ 3.21.52 മികച്ച സമയം കുറിച്ച വീയപുരം ചുണ്ടന് നെറോലാക് എക്‌സ് -എൽ 'ഫാസ്റ്റസ്റ്റ് ടീം ഓഫ് ദ ഡേ' സമ്മാനവും ലഭിച്ചു.
ആലപ്പുഴ പുന്നടക്കായലിൽ നടന്ന നെഹൃ ട്രോഫി ജലോത്സവത്തിനൊപ്പം നടന്ന ആദ്യ ചാമ്പൻസ് ലീഗിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനായിരുന്നു ജേതാവ്.
പൊലീസ് ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ , യുണൈറ്റഡ് ബോട്ട് ക്ലബ്ബിന്റ ചമ്പക്കുളം ചുണ്ടൻ, കുമരകം കെ.ബി.സിയുടെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ , കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ, എടത്വ വില്ലേജ് ബട്ടുക്ലബ്ബിന്റെ ഗബ്രിയേൽ, എടത്വ ബ്രദേഴ്‌സ് ബോട്ട് ക്ലബ്ബിന്റെ സെന്റ്. ജോർജ്ജ് എന്നിവർ 4 മുതൽ 9 വരെ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം, 5ലക്ഷം,
3 ലക്ഷം, 1 ലക്ഷം രൂവീതം കാഷ് പ്രൈസും ട്രോഫികളും പങ്കെടുത്ത എല്ലാ ടീമിനും 4 ലക്ഷംരൂപവീതം ബോണസുമുണ്ട്.
ചെറുവള്ളങ്ങളിൽ ചുരുളൻ എഗ്രേഡ് വിഭാഗത്തിൽ വിരിപ്പുകാല ശ്രീശക്തീശ്രരപ്പൻ ബോട്ട് ക്ലബ്ബിന്റെ വേലങ്ങാടൻ, ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ ഒളശ ഫ്രണ്ട്സ് ബോട്ട് ക്ലബ്ബിന്റെ മൂന്നു തൈക്കൻ, വെപ്പ് ബി ഗ്രേഡിൽ അയ്മനം പരിപ്പ് ബോട്ട് ക്ബ്ബിന്റെ പി.ജി. കരീപ്പുഴ എന്നിവർ ജേതാക്കളായി. മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കോട്ടയം ജില്ലാ കളക്ടർ പി കെ സുധീർ ബാബു , ജില്ല പൊലീസ് മേധാവി പി.എസ്.സാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു.