കോട്ടയം: മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഇന്നലെ നട തുറക്കൽ ചടങ്ങിൽ ദർശനപുണ്യം തേടി പതിനായിരങ്ങൾ ഒഴുകിയെത്തി. പ്രധാന പള്ളിയുടെ മദ്ബഹയിൽ സ്ഥാപിച്ചിരിക്കുന്ന ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങാണ് ഇന്നലെ നടന്ന നടതുറക്കൽ. എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസമാണ് ഈ ചടങ്ങ് നടക്കുന്നത്. ഇന്നലെ രാവിലെ പ്രധാന പള്ളിയിൽ മൂന്നിന്മേൽ കുർബാനയ്ക്ക് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പ്രധാന കാർമ്മികത്വം വഹിച്ചു. അങ്കമാലി ഭദ്രാസന പെരുമ്പാവൂർ മേഖലാധിപൻ മാത്യൂസ് മോർ അപ്രേം സഹകാർമികത്വം വഹിച്ചു.

തുടർന്ന് നടന്ന മധ്യാഹ്നപ്രാർഥനയ്ക്കു ശേഷം നടതുറക്കൽ ചടങ്ങുകൾ നടന്നു.

ഇന്ന് വിതരണം ചെയ്യുന്ന പാച്ചോർ നേർച്ച തയ്യാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്ര ഉച്ചയ്ക്ക് നടന്നു. പെരുന്നാളിന്റെ എട്ടാം ദിവസമായ ഇന്ന് രാവിലെ 6.30ന് കരോട്ടെപള്ളിയിൽ കുർബാന, താഴ്‌ത്തെ പള്ളിയിൽ 8ന് പ്രഭാത പ്രാർത്ഥന. 9ന് നടക്കുന്ന മൂന്നിന്മേൽ കുർബാനയ്ക്ക് മൈലാപ്പുർ ഭദ്രാസനാധിപൻ ഐസക്ക് മോർ ഒസ്താത്തിയോസ് മുഖ്യകാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 2ന് പ്രദക്ഷിണം, ആശീർവാദം. 3ന് നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും.