കോട്ടയം: ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 13ന് എസ്.എൻ.ഡി.പി യോഗം യൂണിയൻ, ശാഖാതലത്തിൽ ഗുരുദേവ ക്ഷേത്രങ്ങളും ഗുരുമന്ദിരങ്ങളും കേന്ദ്രീകരിച്ച് ഘോഷയാത്രകളും ജയന്തി സമ്മേളനങ്ങളും നടക്കും.
പെരുമ്പായിക്കാട്: എസ്.എൻ.ഡി.പി യോഗം പെരുമ്പായിക്കാട് ശാഖയിൽ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഇന്ന് മുതൽ 13 വരെ വിവിധ പരിപാടികൾ നടക്കും.
ടി.കെ മാധവൻ കുടുംബയൂണിറ്റ് അംഗം ടി. ദേവദാസ് വഴിപാടായി സമർപ്പിക്കുന്ന പതാക ഇന്ന് രാവിലെ 9ന് ശാഖ വൈസ് പ്രസിഡന്റ് കെ.ആർ. വിജയൻ ഏറ്റുവാങ്ങി ഗുരുദേവഭക്തരുടെ നേതൃത്വത്തിൽ ഘോഷയാത്രയായി 11.45ന് ശാഖാങ്കണത്തിൽ എത്തിക്കും. തുടർന്ന് ശാഖ പ്രസിഡന്റ് ജയൻ പള്ളിപ്പുറം പതാക ഉയർത്തി ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഉച്ചക്ക് 2 മുതൽ ദൈവദശകം, പ്രസംഗം, ക്വിസ് , ലളിതഗാന മത്സരങ്ങളും നടത്തും. അവിട്ടം ദിനത്തിൽ (12ന്) കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായികമത്സരങ്ങൾ, 13ന് രാവിലെ 9ന് ജയന്ത്രി ഘോഷയാത്ര, ഉച്ചക്ക് 1ന് ജയന്തിസദ്യ, വൈകിട്ട് 4.30ന് സമ്മേളനം എന്നിവയും നടക്കും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു സമ്മേളനം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ആർ.രാജീവ് ജയന്തിസന്ദേശം നൽകും.
വെള്ളൂർ: വെള്ളൂർ ശാഖയിൽ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഗ്രന്ഥശാല പ്രവർത്തനോദ്ഘാടനം ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ നടക്കും. 13ന് രാവിലെ 8ന് ശാഖ പ്രസിഡന്റ് കെ.കെ. രവീന്ദ്രൻ പതാക ഉയർത്തും. 8.30ന് മഹാഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവകൃതികളുടെ നാമസങ്കീർത്തനം 12ന് മഹാപ്രസാദമൂട്ട്, 2ന് ജയന്തി ഘോഷയാത്ര, വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം എന്നിവയാണ് ചടങ്ങുകൾ. ശാഖ പ്രവർത്തനത്തിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് യൂത്തുമൂവ്മെന്റ് യൂണിറ്റ് സമർപ്പിക്കുന്ന ഗ്രന്ഥശാലയുടെ സമർപ്പണം രാവിലെ 11.30ന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് നിർവഹിക്കും. ഗുരുദേവന്റെ ക്ഷേത്രസങ്കൽപ്പങ്ങൾക്ക് അനുയോജ്യമായ ഗ്രന്ഥശാലയാണ് ക്രമീകരിച്ചിരിക്കുന്നത്. യൂത്തുമൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീദേവ് കെ. ദാസ് ഗ്രന്ഥസമർപ്പണം നിർവഹിക്കും. കണ്ണൂർ സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ അനൂപ് ബാലനെ യോഗത്തിൽ അനുമോദിക്കും.
കോട്ടയം: ടൗൺ -എ ശാഖയുടെ ആഭിമുഖ്യത്തിൽ പോഷകസംഘടനകളുടെ പങ്കാളിത്തത്തോടെ ഗുരുദേവജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കും. 13ന് രാവിലെ 9ന് പ്രസിഡന്റ് സി.ആർ. രാജൻ ബാബു പതാക ഉയർത്തും. 9.30ന് സമൂഹപ്രാർത്ഥന, 10 മുതൽ കലാകായിക മത്സരങ്ങൾ, ഉച്ചക്ക് 1ന് ഗുരുപൂജ സമർപ്പണം, 1.30ന് സമൂഹസദ്യ, 3 മുതൽ ഘോഷയാത്ര, വൈകിട്ട് 5ന് ജയന്തി സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ.
അയർക്കുന്നം: ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി. പി യോഗം അയർക്കുന്നം ശാഖയിൽ വിവിധ പരിപാടികൾ നടക്കും. 13ന് രാവിലെ 6.15ന് ചതയദീപം തെളിക്കും. 8.45ന് പ്രസിഡന്റ് വി.എം. ബാബുരാജ് പതാക ഉയർത്തും. 9 ന് ജയകൃഷ്ണൻ ശാസ്ത്രി ജയന്തി സന്ദേശം നൽകും. 10.30ന് വി.ടി. ശശീന്ദ്രൻ പ്രഭാഷണം നടത്തും. ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട്, 5ന് ഘോഷയാത്ര, 6.45ന് ദീപാരാധന, 7ന് സാംസ്കാരിക സമ്മേളനം എന്നിവയാണ് പരിപാടികൾ. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ. കെ.എ പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. പോഷകസംഘടനാ ഭാരവാഹികൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവർ പ്രസംഗിക്കും. സെക്രട്ടറി ടി.എൻ. മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. വി. രാധാകൃഷ്ണൻ നന്ദിയും പറയും.