കോട്ടയം: നഗരമദ്ധ്യത്തിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 17 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ 15 പേരെ ജില്ലാ ആശുപത്രിയിലും രണ്ടു പേരെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.30ന് ബേക്കർ ജംഗ്ഷന് സമീപം വൈ.ഡബ്ല്യൂ. സി. എയ്ക്ക് മുമ്പിലെ എം.സി. റോഡിലാണ് അപകടമുണ്ടായത്. ചങ്ങനാശേരി ഭാഗത്തുനിന്ന് നാഗമ്പടം സ്റ്റാൻഡിലേക്കു വരികയായിരുന്നു സാൻജോസ് ബസും സ്റ്റാന്റിൽ നിന്ന് ബേക്കർ ജംഗ്ഷനിലേക്കു പോവുകയായിരുന്നു സിഎംഎസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട ബസുകൾ റോഡിന്റെ മദ്ധ്യഭാഗത്ത് കൂടുങ്ങിയതിനാൽ ഏറെ നേരം നഗരത്തിലെ ഗതാഗതക്കുരുക്ക് ഇരട്ടിയാക്കി.