കോട്ടയം: തിരുവോണത്തോണിയുടെ അകമ്പടിസേവിക്കാൻ ആചാരപ്പെരുമയിൽ കുമാരനല്ലൂർ മങ്ങാട്ട് നാരായണ ഭട്ടതിരി ചുരുളൻ വള്ളത്തിൽ ആറന്മുളയിലേയ്ക്ക് പുറപ്പെട്ടു. പതിവ് പൂജകൾക്കു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടോടെ മങ്ങാട്ടു കടവിൽ നിന്ന് അകമ്പടിത്തോണി പുറപ്പെട്ടു. യാത്രയ്ക്ക് മുന്നോടിയായി കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ നിന്നുള്ള ചതുർദശം വഴിപാടും വിതരണം ചെയ്തു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നഗരസഭാംഗം ഗോപകുമാർ തുടങ്ങിയവർ കടവിലെത്തിയിരുന്നു. തോമസ് ചാഴികാടൻ എം.പി. നേരത്തെയെത്തി ഭട്ടതിരിക്ക് യാത്രാ മംഗളങ്ങൾ നേർന്നു.

നാല് തുഴച്ചിൽക്കാരാണ് തോണിയിൽ ഒപ്പമുള്ളത്. ഇല്ലത്തിന് സമീപത്തെ തോട്ടിലൂടെ മീനച്ചിലാറ്റിലെത്തി പുത്തനങ്ങാടി, കാരാപ്പുഴ തോടുവഴി വേമ്പനാട്ട് കായലിലെത്തിയാണ് യാത്ര. കാട്ടൂർ ക്ഷേത്രക്കടവിൽ നിന്നാണ് ആറൻമുള തിരുവോണത്തോണിയിൽ കയറുക. തിരുവോണദിവസം ആറൻമുള പാർഥസാരഥി ക്ഷേത്രത്തിലെ അത്താഴപൂജയ്ക്കു വരെ ഭട്ടതിരിയുടെ കാർമികത്വമുണ്ടാകും.

 പാരമ്പര്യ ആവകാശം

കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തിന് പാരമ്പര്യമായി കിട്ടിയതാണ് ഈ അവകാശം. ആറന്മുളയപ്പന്റെ ദേശവഴിയായ കാട്ടൂരിലെ താമസക്കാരായിരുന്നു മങ്ങാട്ട് കുടുംബം. തിരുവോണ നാളിൽ ഇല്ലത്തെ മുതിർന്ന ഭട്ടതിരി ബ്രാഹ്മണർക്കു കാൽ കഴുകിച്ചൂട്ട് നടത്തിയിരുന്നു. ഒരു വർഷം കാൽകഴുകിച്ചൂട്ടിന് ആരും എത്തിയില്ല. ദുഖിതനായ ഭട്ടതിരി ആറന്മുളയപ്പനെ പ്രാർത്ഥിച്ച് അൽപ്പം കഴിഞ്ഞപ്പോൾ ഒരു ബ്രാഹ്മണൻ ഇല്ലത്തെത്തി. അദ്ദേഹം കാൽകഴുകിച്ചൂട്ട് നടത്തുകയും ചെയ്തു.
അന്നു രാത്രി ഭട്ടതിരിയ്ക്കു സ്വപ്ന ദർശനത്തിൽ ഇല്ലത്തെത്തിയതു ബ്രാഹ്മണനല്ല, തിരുവാറന്മുളയപ്പനാണെന്നും ഇനി മുതൽ തിരുവോണത്തിനു വിഭവങ്ങൾ ആറന്മുളയിലെത്തിച്ചാൽ മതിയെന്നുമുള്ള സന്ദേശം ലഭിക്കുകയായിരുന്നു. അന്നു മുതൽ തിരുവോണ വിഭവങ്ങൾ കാട്ടൂരിൽ നിന്നു തോണിയിൽ കൊണ്ടുപോയിരുന്നു. മങ്ങാട്ട് കുടുംബം പിന്നീട് കുമാരനല്ലൂരിലേക്കു താമസം മാറിയെങ്കലും ആചാരത്തിൽ മാറ്റം വരുത്തിയില്ല.