കോട്ടയം: ഓണം വന്ന് പടിക്കൽ കാത്തുനിൽപ്പുണ്ട്. പൂവിളിക്കും കലാകായിക മേളകൾക്കും പുറമെ രുചിയുടെ ആഘോഷം തീർക്കുന്ന ഓണസദ്യകളുടെ ദിവസങ്ങളാണ് ഇനി. സദ്യ ഒരുക്കുന്നതിനുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും വില ഉയരുന്നതിന് മുൻപേ സ്വരുക്കൂട്ടാനുള്ള തിരക്കിലാണ് നാട്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഓണവിപണി സജീവമായി. വെള്ളപ്പൊക്കം ബാധിച്ചെങ്കിലും വിപണിയിൽ നാടൻ പച്ചക്കറികൾ ധാരാളം എത്തുന്നുണ്ട്.
*വിഭവങ്ങളേറെ, വിലയിൽ എരിവ്
കാര്യമായ പരാതികൾ പൊതുവിപണിയിൽ നിന്ന് ഉയരുന്നില്ലെങ്കിലും വിലയുടെ കാര്യത്തിൽ ദിവസവും ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ട്. എന്നാൽ ഇഞ്ചിയുടെ കാര്യത്തിൽ വില അൽപം എരിയുന്നുണ്ടോ എന്ന് സംശയം. നാടൻ ഇഞ്ചി കിലോ വില 170– 210 ൽ എത്തിനിൽക്കുന്നു. കാൽ കിലോയുടെ ഓരോ കൂട്ടമായാണ് പലയിടത്തും വിൽപന. ഇളയത്, മൂത്തത് എന്നീ വേർതിരിവുകളും വിലയുടെ അളവുകോലാകുന്നു. നാളികേരം വലുപ്പമനുസരിച്ച് കിലോയ്ക്ക് വില 50ൽ തുടങ്ങുന്നു. സവാള വില 22ൽ നിന്ന് ഇരട്ടിയായി . പുറത്തുനിന്ന് ഏത്തക്കുലകൾ വൻതോതിൽ മൊത്തവ്യാപാരകേന്ദ്രങ്ങളിൽ എത്തിത്തുടങ്ങി.
*ഗ്രാമവിപണി സജീവം
ഗ്രാമപ്രദേശങ്ങളിൽ പഞ്ചായത്തും കൃഷിഭവനുകളും കുടുംബശ്രീയും സഹകരണ ബാങ്കുകളും വിപണിയിലിറങ്ങിക്കഴിഞ്ഞു. ഏത്തക്കുല , പഴം, പച്ചക്കറികൾ മുതൽ വാഴക്കൂമ്പ് വരെ ഇവിടെ വിലക്കുറവിൽ ലഭിക്കും. നാടൻ പച്ചക്കറികൾ പ്രാദേശിക കർഷകരിൽ നിന്ന് 10 ശതമാനം വില കൂട്ടി സംഭരിച്ച് 30 ശതമാനം വരെ വിലക്കുറവിലും, മറ്റ് പച്ചക്കറികൾ 20 ശതമാനം വില കൂട്ടി കർഷകരിൽ നിന്ന് സംഭരിച്ച് വിപണി വിലയേക്കാൾ 10 ശതമാനം വില കുറച്ചുമാണ് വിൽക്കുന്നത്.
*വിലക്കുറവിന്റെ ചേലിൽ ചേലകളും
വിലക്കുറവെന്ന് കേട്ടാൽ ഇഷ്ടപ്പെടാത്ത മലയാളിയുണ്ടോ? ഇതു മനസ്സിലാക്കിയ ചില ബംഗാളി വ്യാപാരികളും മലയാള നാടിനെ ഓണമുടുപ്പിക്കാൻ വിലക്കുറവെന്ന ആകർഷണവുമായി നിരത്തുകളിൽ സജീവമായി. കേരളത്തിൽ തന്നെ ഓണമാഘോഷിക്കാൻ തീരുമാനിച്ച ബംഗാളികളാണ് ഈ മേഖലയിൽ അധികവും. ഒട്ടുമിക്ക തുണിത്തരങ്ങളുടെയും വിപുലമായ ശേഖരവുമായാണ് ഇവരുടെ കാത്തിരിപ്പ്.
*ഒരു വിളി അകലത്തിൽ സദ്യ
ഫോണെടുത്ത് വിളിച്ചാൽ മതി. പായസവും 23 കൂട്ടംകറികളും അടങ്ങിയ സദ്യ 200 രൂപ മുതൽ ഹോട്ടലുകളിൽ റെഡിയായിട്ടുണ്ടാവും. രാവിലെ 11.30 മുതൽ ഹോട്ടലുകളിൽ ഓണസദ്യ വിളമ്പിത്തുടങ്ങും. അടപ്രഥമൻ, പാലട പ്രഥമൻ, പരിപ്പ്, ഈന്തപ്പഴം, പാൽപായസങ്ങൾ ഉൾപ്പെടെ സദ്യയ്ക്ക് 350 മുതലാണു വില.
*പാഴ്‌സലിന് ഡിമാൻഡ്
350 രൂപയുടെ സദ്യയ്ക്ക് പാഴ്‌സലിന് 50 രൂപ അധികം കൊടുക്കണം. ആവശ്യക്കാർ നേരിട്ട് ഹോട്ടലിൽ എത്തി വാങ്ങുകയോ ഓർഡർ നൽകുകയോ ചെയ്യുന്ന പതിവാണ് ഇക്കുറിയും .
യൂബർ ഈറ്റ്‌സ്, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയ്ക്ക് ഓണസദ്യയിൽ കാര്യമായ പങ്കില്ല. ജില്ലാ ഹോട്ടൽ അസോസിയേഷന്റെ അനുമതി ഇല്ലാത്തതിനാൽ കുറേയേറെ ഹോട്ടലുകൾ ഇവരുമായി സഹകരിക്കുന്നില്ല.
*പായസവിപണി
നഗരത്തിലെ പ്രധാന വെജിറ്റേറിയൻ ഹോട്ടലുകളും കേറ്ററിംഗ് സർവീസുകാരും പായസവിപണി ഉഷാറാക്കിയിട്ടുണ്ട്. കുടംബശ്രീ അയൽക്കൂട്ടം യൂണിറ്റുകളും പായസം ഒരുക്കുന്നുണ്ട്. അടപ്രഥമൻ, പാലട പ്രഥമൻ, പരിപ്പ്, പയർ, അരി, ഈന്തപ്പഴം, പഴം, ഗോതമ്പ്, പാൽ പായസങ്ങളെല്ലാം വിപണിയിലുണ്ട്. പ്രഥമനോടാണ് പ്രിയം.