കോട്ടയം: പതിനായിരങ്ങൾ പങ്കെടുത്ത വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു. പെരുന്നാളിനോടനുബന്ധിച്ചു വർഷത്തിലൊരിക്കൽ മാത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറക്കുന്ന ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിന് നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് വിശ്വാസികൾ എത്തിയിരുന്നു. എട്ടുനോമ്പിന്റെ സമാപന ദിവസമായ ഇന്നലെ പള്ളിയിലും പരിസരത്തും വൻഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

ഇന്നലെ രാവിലെ പ്രധാനപള്ളിയിൽ നടന്ന പ്രഭാത പ്രാർത്ഥനയ്ക്കും മൂന്നിന്മേൽ കുർബാനയ്ക്കും മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക്ക് മോർ ഒസ്താത്തിയോസ് പ്രധാനകാർമ്മികത്വം വഹിച്ചു. വൈകിട്ട് മൂന്നിന് 1501 പറ അരിയുടെ പാച്ചോർ നേർച്ചയും വിളമ്പി. ഇന്ന് രാവിലെ കുർബാനയ്ക്ക് യു.എസ്.എയുടെ പാത്രിയർക്കൽ വികാർ എൽദോസ് മോർ തീത്തോസ് പ്രധാനകാർമ്മികത്വം വഹിക്കും. നാളെ സിംഹാസന പള്ളികളുടെ അധിപൻ ഗീവർഗീസ് മോർ അത്താനാസിയോസ്, 11ന് ക്‌നാനായ അതിഭദ്രാസന റാന്നി മേഖലാ മെത്രാപോലീത്ത കുറിയാക്കോസ് മോർ ഈവാനിയോസും 12ന് ഹൈറേൻജ് അടിമാലി മേഖലാധിപൻ ഏലിയാസ് മോർ യൂലിയോസ്, 13ന് ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മോർ പീലക്‌സീനോസും 14ന് മാത്യൂസ് മോർ തീമോത്തിയോസും കുർബാനയ്ക്കു നേതൃത്വം നൽകും.

9 മുതൽ 12 വരെ രാവിലെ 7നും 13,14 ദിവസങ്ങളിൽ 7.15 നുമാണ് കുർബാന. എല്ലാ ദിവസവും വൈകിട്ട് 5ന് സന്ധ്യാപ്രാർഥനയുമുണ്ടായിരിക്കും. 14നു ശ്ലീബാ പെരുന്നാൾ ദിനത്തിൽ സന്ധ്യാപ്രാർഥനയ്ക്കുശേഷം നട അടയ്ക്കും. പെരുന്നാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാരങ്ങൾ 14 വരെയുണ്ടാകും.