പാലാ: പാലായിലെ കെട്ടിട നിർമ്മാണമേഖല ഇപ്പോൾ ബംഗാളികളുൾപ്പെടെയുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ 'പിടിയിലാണ്.' സമാന അവസ്ഥയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലാ മണ്ഡലം. അന്യമണ്ഡലക്കാരായ 'രാഷ്ട്രീയ ബംഗാളി' കളുടെ പിടിയിലാണ് മാണിസാറിന്റെ പാലാ മണ്ഡലം.
ഇതിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ശബ്ദമുയർന്നുകഴിഞ്ഞു. ഈ ബംഗാളികൾ സ്ഥാനാർത്ഥികളെ ചുറ്റിവരിഞ്ഞിരിക്കുകയാണെന്നാണ് പൊതുവെയുള്ള സംസാരം! ഇതുകാരണം മണ്ഡലത്തിലെ പ്രവർത്തകർക്ക് സ്ഥാനാർത്ഥികളെ നാന്നായിട്ടൊന്ന് കാണാൻ പോലും കിട്ടാത്ത അവസ്ഥയാണ്. സ്ഥാനാർത്ഥികൾക്കൊപ്പമുള്ളത് പലപ്പോഴും മണ്ഡലത്തിൽ വോട്ടില്ലാത്തതും മണ്ഡലത്തെക്കുറിച്ച് ഒരുപിടിയുമില്ലാത്ത അന്യനാട്ടുകാരാണ്. ഇതാകട്ടെ, പലപ്പോഴും സ്ഥാനാർത്ഥികളെ ബുദ്ധിമുട്ടിക്കാറുമുണ്ട്. സ്ഥാനാർത്ഥിയുടെ ഫോൺ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതും ഇത്തരം രാഷ്ട്രീയ ബംഗാളികളാണ്. അത്യാവശ്യകാര്യത്തിന് സ്ഥാനാർത്ഥിയെ വിളിക്കുന്ന പ്രവർത്തകരെയും നാട്ടുകാരെയും പരിചയമില്ലാത്ത ഇത്തരക്കാർ ഒഴിവാക്കുന്നത് പരിഭവങ്ങൾക്കും പരാതികൾക്കും ഇടയാക്കുന്നുണ്ട്. സ്ഥാനാർത്ഥി പര്യടനമടക്കമുള്ള പരിപാടികളിൽ തദ്ദേശവാസികളായ പ്രാദേശിക നേതാക്കൾക്ക് തെരഞ്ഞെടുപ്പുകളിൽ പരിഗണന ലഭിക്കാറുണ്ട്. സ്ഥാനാർത്ഥിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനും അത് അടുത്ത ദിവസം പത്രത്തിൽ കണ്ട് സന്തോഷിക്കാനുമൊക്കെ അവർക്ക് അവസരം ലഭിക്കാറുണ്ട്. എന്നാൽ തദ്ദേശവാസികളെ വെട്ടി രാഷ്ട്രീയ ബംഗാളികൾ തെരഞ്ഞെടുപ്പ് രംഗമാകെ അടക്കി വാഴുകയാണ്.
പാലായിൽ മാത്രമുള്ള ഉപതെരഞ്ഞെടുപ്പായതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നേതാക്കളുടെ കുത്തൊഴുക്കാണ്. വീടുകൾ വാടകയ്ക്കെടുത്താണ് ഇവർ തമ്പടിച്ചിരിക്കുന്നത്. പാലാമണ്ഡലത്തെക്കുറിച്ച് കേട്ടറിവു മാത്രമുള്ള രാഷ്ട്രീയ ബംഗാളികൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കുകയും പാലായുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിവരക്കേട് വിളിച്ചുപറയുന്നതും പതിവായതോടെ പരാതികൾ ഉയന്നുതുടങ്ങിയിട്ടുണ്ട്. മണ്ഡലവുമായി യാതൊരു ബന്ധമോ പരിചയമോയില്ലാത്ത ഇവരുടെ തീറ്റയും കുടിയും വരെ സ്ഥാനാർത്ഥികൾക്ക് വൻബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. കക്ഷിഭേദമന്യേയുള്ള ഈ മറുനാടൻ അതിപ്രസരം തദ്ദേശവാസികളായ പ്രവർത്തകരിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്.