കോട്ടയം: സംശയാസ്‌പദമായ സാഹചര്യത്തിൽ ആൾതാമസമില്ലാത്ത വീടിനുള്ളിൽ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മാനസികാസ്വാസ്ഥ്യമുള്ളയാണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ബന്ധുക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. ഇന്നലെ പുലർച്ചെ ആറരയോടെ ചുങ്കം വാരിശേരിയിലായിരുന്നു സംഭവം. പ്രദേശത്തെ ആളൊഴിഞ്ഞ വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്നു യുവാവ്. ഈ സമയം ഇതുവഴി എത്തിയ നാട്ടുകാർ ഇയാളെ കാണുകയും, പിടികൂടുകയുമായിരുന്നു. കഴിഞ്ഞ ദിവസം അയ്‌മനം ഭാഗത്തു നിന്നും ഇതേ യുവാവ് സൈക്കിൾ മോഷ്‌ടിച്ചിരുന്നു. സൈക്കിൾ മോഷ്‌ടിച്ച ശേഷം പോകുന്നതിനിടെ ഇയാളെ നാട്ടുകാർ പിടികൂടി. ഇതിനു ശേഷമാണ് ആളൊഴിഞ്ഞ വീടിന്റെ വരാന്തയിൽ കിടക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി ഇയാളെ നാട്ടുകാരിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ചോദ്യം ചെയ്‌തതോടെയാണ് ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമാണെന്ന് കണ്ടെത്തിയത്. അയ്‌മനത്തിന് സമീപത്ത് ലോഡ്‌ജിലാണ് ഇയാൾ താമസിക്കുന്നതെന്നും കണ്ടെത്തി. ബന്ധുക്കളെയും ഒപ്പം താമസിക്കുന്നവരെയും വിളിച്ചു വരുത്തി ഇയാളെ വിട്ടയച്ചു.