കോട്ടയം: ഗുജറാത്ത് തീരത്ത് തീവ്രവാദികൾ എത്തിയതായുള്ള ഭീഷണിയെ തുടർന്ന് ജില്ലയിലും അതീവജാഗ്രതാ നിർദ്ദേശം. ഓണാഘോഷങ്ങളുടെ ഭാഗമായി അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായി ജില്ലയിൽ മഫ്‌തിയിലും, യൂണിഫോമിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടുമായി തന്ത്രപ്രധാന കേന്ദ്രങ്ങളിൽ പരിശോധന നടത്തും. രാവിലെയും വൈകിട്ടും റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തും. കളക്ടറേറ്റിലും, പ്രധാന ഓഫീസുകളിലും നിരീക്ഷണം ശക്തമാക്കും. നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.