പാലാ: ഗതാഗത നിയമങ്ങൾ തെറ്റിക്കല്ലേ ..... നഗരവീഥിയിൽ വാഹന കസർത്ത് ഇനി വേണ്ടാട്ടോ.... 'ഓപ്പറേഷൻ തേർഡ് ഐ ' യുമായി പാലാ ഡിവൈ.എസ്.പി. കെ. സുഭാഷും സംഘവും റോഡിലുണ്ടേ..... ഓർമ്മ വേണേ.....
സീബ്രാലൈനിൽ വേഗത കുറയ്ക്കാതെ പായുന്ന വാഹനങ്ങൾ ..... ഫുട്പാത്തിൽ വാഹനമിട്ട് ബാറ് തപ്പിപ്പോകുന്നവർ...... പാലാ നഗരത്തിലെ ഒട്ടേറെ ഗതാഗതപ്രശ്‌നങ്ങൾ അടുത്തിടെ 'കേരളകൗമുദി ' റിപ്പോർട്ട് ചെയ്തിരുന്നു. ഒപ്പം വേണ്ടത്ര ആളില്ലാത്തതു മൂലം വലയുന്ന പാലാ ട്രാഫിക്ക് പൊലീസിന്റെ അവസ്ഥയും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്നാണ് അടുത്തിടെ ചുമതലയേറ്റ പാലാ ഡിവൈ. എസ്. പി. കെ. സുഭാഷിന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ തേർഡ് ഐ' യുമായി പൊലീസ് നഗരവീഥിയിലേക്കിറങ്ങിയത്.
ഇതോടൊപ്പം പുതിയ ഗതാഗത നിയമം ജനങ്ങളിലേക്ക് എത്തിക്കാൻ പാലാ ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടികളും ആരംഭിച്ചതായി ഡിവൈ. എസ്. പി. പറഞ്ഞു. റോഡ് സുരക്ഷാ നിയമങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായിട്ടാണ് പരിപാടി.
ഗതാഗത നിയമം അനുസരിക്കൂ, പണം സമ്പാദിക്കൂ എന്ന പൊലീസിന്റെ പുതിയ ആപ്തവാക്യം ഡ്രൈവർമാരെ ഓർമിപ്പിക്കും. കേന്ദ്രസർക്കാർ മാനദണ്ഡമനുസരിച്ച് പുതുക്കിയ ഗതാഗത നിയമം ഈ മാസം ഒന്നിന് പ്രാബല്യത്തിൽ വന്നെങ്കിലും ജനങ്ങൾക്കിടയിൽ പുതിയ വ്യവസ്ഥകളെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് ലക്ഷ്യമെന്ന് ഡിവൈ. എസ്.പി. പറഞ്ഞു. പിഴത്തുക കൂടിയ വിവരം അറിയാത്തവരെ അറിയിക്കും. പാലാ ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ചും ഓണാഘോഷങ്ങളോടനുബന്ധിച്ചും പാലാ നഗരത്തിലും ഹൈവേകളിലും ഓപ്പറേഷൻ തേർഡ് ഐ യുടെ ഭാഗമായി തുടർ പരിശോധനകളുണ്ടാകും. ഇന്നലെ നടത്തിയ പരിശോധനകൾക്ക് ഡിവൈ.എസ്.പി.കെ. സുഭാഷിനൊപ്പം സി.ഐ. വി.എ. സുരേഷ്, എസ്. ഐ. മാരായ ഷാജി സെബാസ്റ്റ്യൻ, സോജൻ, ജനമൈത്രി പൊലീസിലെ ബിനോയി തോമസ് എന്നിവർ പങ്കെടുത്തു.