ഉദയനാപുരം: ക്ഷീരമേഖലയിൽ മികച്ച നേട്ടമുണ്ടാക്കി പാൽ ഉൽപാദനം പതിൻമടങ്ങു വർധിപ്പിച്ച വൈക്കത്തെ ക്ഷീര കർഷകർഷകരിലെ നല്ലൊരു ഭാഗവും ക്ഷീരമേഖലയിൽ നിന്നു പിൻവാങ്ങാൻ നിർബന്ധിതരാകുന്നു. കാലിത്തീറ്റയുടെ വില വർധനവും കന്നുകാലികളുടെ ചികിൽസയിൽ ഉണ്ടായ അധികരിച്ച ചെലവും മൂലം കന്നുകാലി വളർത്തൽ ഉപജീവനത്തിനു സഹായകരമല്ലാതെ വന്നതോടെയാണ് നിരവധിക്ഷീരകർഷകർ കിട്ടിയ വിലയ്ക്കു പശുക്കളെ വിറ്റ് തൊഴുത്തുകാലിയാക്കുന്നത്. ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ട സമയത്തായിരുന്നു വൈക്കത്തെ ഉദയനാപുരം അടക്കമുള്ള പ്രദേശങ്ങൾ പ്രളയത്തിൽ മുങ്ങിയത്. പാടശേഖരങ്ങളും പുരയിടങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ പുല്ലുചീഞ്ഞു നശിച്ചത് കർഷകർക്ക് കനത്ത പ്രഹരമായി. ക്ഷീരഗ്രാമമായി മാറിയതോടെ ക്ഷീരമേഖലയിൽ വലിയ കുതിച്ചു ചാട്ടമുണ്ടായ ഉദയനാപുരം പഞ്ചായത്തിലും കർഷകർ വലിയ ദുരിതത്തിലായി. നിരവധി കർഷകർ വീടിനോടു ചേർത്ത് സൂക്ഷിച്ചിരുന്ന വൈക്കോൽ ഉപയോഗശൂന്യമായി.കാലിത്തീറ്റയുടേയും മറ്റും വില കൂടിയതോടെ വരുമാനത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്. പശുവിനു പുല്ലിനും വൈക്കോലിനും പുറമെ നൽകിയിരുന്ന ഗോതമ്പു തവിട്, കമ്പം തുടങ്ങിയവയുടെ വില താങ്ങാനാവാത്ത സ്ഥിതി വന്നതോടെ പശുക്കൾക്ക് വാങ്ങിക്കൊടുക്കുന്നത് നിർത്തി. വൻ വിലയ്ക്കു കാലിത്തീറ്റയും അനുബന്ധ തീറ്റകളും വാങ്ങി നൽകിയാൽ തന്നെ പാൽ വില കുറവായതിനാൽ ഒരു തൊഴിലെന്ന നിലയിൽ കന്നുകാലി വളർത്തലിനെ മുന്നോട്ടു കൊണ്ടുപോകാനാവില്ല.കന്നുകാലി വളർത്തലല്ലാതെ മറ്റ് പണികളൊന്നും വശമില്ലാത്ത തന്നെ പോലുള്ള നിരവധി പേർ ഈ മേഖലയിൽ തുടരുന്നതിനു സർക്കാർ പിൻബലം ലഭിച്ചില്ലെങ്കിൽ കഴിയില്ലെന്നു സർക്കാർ സഹായത്തോടെ അഞ്ചു പശുക്കളെ വളർത്തുന്ന ഉദയനാപുരം വല്ലകം കളപ്പുരയ്ക്കൽ പ്രസന്നൻ പറഞ്ഞു. ക്ഷീരകർഷകരെ രക്ഷിക്കാൻ സർക്കർ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
*ഗോതമ്പു തവിട്, കമ്പം എന്നിവയ്ക്ക് വില വർദ്ധിച്ചു
*വെള്ളം കയറിയതോടെ വൈക്കോൽ ഉപയോഗശൂന്യമായി
* വെള്ളപൊക്കത്തിൽ പുല്ല് ചീഞ്ഞ് നശിച്ചു.