ഏറ്റുമാനൂർ : അതിരമ്പുഴ കോട്ടമുറി കോളനിയിൽ പൊലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഘത്തിലെ നാലുപേർ കൂടി പിടിയിൽ. അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കോട്ടമുറി പ്രിയദർശിനി കോളനിയിൽ അമ്പലത്തറ സുധി മിൻരാജ് (19), കൊച്ചുപുരയ്ക്കൽ വീട്ടിൽ ആൽബിൻ കെ.ബോബൻ (20), മാടപ്പള്ളി വീട്ടിൽ ബിബിൻ ബെന്നി (18)എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് ഏറ്റുമാനൂർ സി.ഐ എ.ജെ തോമസ് അറസ്റ്റ് ചെയ്‌തത്. കേസിൽ ഇതുവരെ 9 പേരെ പിടികൂടി.
കഴിഞ്ഞ മാസം 21 നായിരുന്നു സംഭവം. അമിതവേഗത്തിൽ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്‌തതിൽ പ്രകോപിതരായ സംഘം 2 വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. രാത്രിയിൽ വീണ്ടും ഇതേ വീടുകൾ തകർക്കാൻ രണ്ടു വാഹനങ്ങളിലായി എത്തിയ പ്രതികൾ പൊലീസിനെ കണ്ടതോടെ പെട്രോൾ ബോംബ് എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
ഊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ ട്രെയിൻ മാർഗം ചേർത്തലയിൽ എത്തി. തുടർന്ന് ഓട്ടോറിക്ഷയിൽ ഏറ്റുമാനൂരിൽ എത്തി. ഇവിടെ വച്ച് ഓട്ടോഡ്രൈവർക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് 2500 രൂപ തട്ടിയെടുത്ത് വീണ്ടും മുങ്ങി. ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെ കേരള എക്‌സ്‌പ്രസിൽ ഏറ്റുമാനൂർ സ്റ്റേഷനിൽ വന്നിറങ്ങിയ പ്രതികളെ ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനൂപ് സി.നായർ, ജയരാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹേഷ് കൃഷ്ണൻ, സജേഷ് ടി.സി, ര്ഞ്ജിത്ത്, സിബിച്ചൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനുള്ള പണം കണ്ടെത്തുന്നതിനായാണ് പ്രതികൾ ഓട്ടോഡ്രൈവറെ ആക്രമിച്ച് മോഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.