കുമരകം : ചില്ലറയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യാത്രക്കാരൻ ബസ് കണ്ടക്ടറുടെ തല ചോറ്റുപാത്രത്തിന് അടിച്ചു പൊട്ടിച്ചു. കോട്ടയം - ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തിക ബസിലെ കണ്ടക്ടർ കുമരകം കൊച്ചുപറമ്പിൽ ബ്ലസണിന്റെ (40)തലയ്‌ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുമരകം സ്വദേശിയായ മത്സ്യതൊഴിലാളി മൂലേത്തറ മധുവിനെ ( 45) പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ കുമരകത്തായിരുന്നു സംഭവം. കവണാറ്റിൻകര ഭാഗത്തു നിന്നാണ് മധു ബസിൽ കയറിയത്. ടിക്കറ്റ് ചാർജായി നൽകിയത് 50 രൂപയാണെന്ന് വാദിച്ചു. 10 രൂപയാണെന്നായിരുന്നു ബ്ലസണിന്റെ മറുപടി. ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായി. മധു സ്റ്റോപ്പിലിറങ്ങിയ ശേഷവും വെല്ലുവിളി തുടർന്നു. ബസിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ കണ്ടക്ടറെ ഇയാൾ കൈയിലുണ്ടായിരുന്ന ചോറ്റുപാത്രം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. നിലത്തു വീണ കണ്ടക്ടറെ പൊലീസ് വാഹനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.