കോട്ടയം : ഓണത്തിരക്ക് പാരമ്യത്തിലെത്തുന്ന ഉത്രാ‌ടം നാളിൽ നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലമർന്നു. ഓണാഘോഷത്തിന് എന്തെങ്കിലും 'കുറവു'ണ്ടെങ്കിൽ പരിഹരിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ്.

ഓണക്കച്ചവടത്തിന്റെ അവസാനത്തെ ദിനം കൂടിയാണ്. ഇത്തവണ ഓണം മിന്നിത്തിളങ്ങുകയാണ്. പ്രളയദു:ഖങ്ങൾക്ക് വിടചൊല്ലി എങ്ങും ഓണമേളം. ഇന്നലെ റാേഡുകളിൽ തിരക്കാേട് തിരക്കായിരുന്നു. കടകളിൽ റെക്കാഡ് കച്ചവടവും. നിന്നു തിരിയാൻ ഇടമില്ലാത്ത വിധമായിരുന്നു തിരക്ക്. റോഡുകളിൽ മണിക്കൂറോളം ഗതാഗതക്കുരുക്ക്. ഇന്ന് അതിന്റെ കാഠിന്യം വർദ്ധിക്കും. കുടുംബസമേതം ഓണക്കാഴ്ചകൾ കാണാനും വിഭവങ്ങൾ വാങ്ങാനുമെത്തുന്ന തിരക്ക്.

ഓണ അവധി തുടങ്ങിയതിനാൽ ആഘോഷപ്പൊലിമയാണ് എങ്ങും. ദൂരെയുള്ളവരെല്ലാം നാട്ടിലെത്തിക്കഴിഞ്ഞു. ഉൗഞ്ഞാലാടിയും ഓണപ്പുടവ വാങ്ങിയും ഓണത്തെ വരവേൽക്കുകയാണ്. മഹാബലിയെ വരവേൽക്കുന്നുവെന്ന സങ്കല്പത്തിൽ വീടുകളിലെല്ലാം ഇന്ന് സന്ധ്യയ്ക്ക് ‌‌നിലവിളക്കു തെളിയും. ഉത്രാടം നാളിലെ സന്ധ്യയുടെ പ്രത്യേകതയും അതാണ്. നാളെ പുലരുന്ന തിരുവോണ നാളിലേക്ക്. ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. നീലാകാശവും ഓണനിലാവും ഭംഗിപരത്തി നിൽക്കുമ്പോൾ എങ്ങും ആഘോഷം പൂത്തുലയുന്നു.

നഗരത്തിലെ വസ്ത്രവ്യാപാരകേന്ദ്രങ്ങളിലും പലചരക്ക്, പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിലും എ.ടി.എമ്മുകൾക്ക് മുമ്പിലും നീണ്ട ക്യൂവാണ്.

സ്ഥാപനങ്ങളിലെ ഓണാഘോഷം കഴിഞ്ഞതോടെ പൂക്കളുടെ വിപണിയിൽ കച്ചവടം നിലച്ച മട്ടാണ്. കച്ചവടത്തിൽ മുമ്പൻമാർ ഉപ്പേരിയും പപ്പടവും തന്നെ. ഉപ്പേരി വില കിലോയ്ക്ക് 400 കടന്നിരിക്കുകയാണ്. പപ്പടം എണ്ണത്തിനനുസരിച്ചാണ് വില കൂടുന്നത്.
ഓണം മുറ്റത്ത് എത്തിയപ്പോൾ വഴിയോര കച്ചവടവും ഉഷാറായിട്ടുണ്ട്. നഗരത്തിൽ ഗതാഗതക്കുരുക്കും വർദ്ധിച്ചു. തിരക്ക് നിയന്ത്രിക്കാൻ ട്രാഫിക്കിൽ കൂടുതൽ പൊലീസുകാരെ നിയമിച്ചുണ്ട്.
ഗൃഹോപകരണ വിപണിയിൽ ഓണം ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ഉപയോഗപ്പെടുത്താനുള്ളവരുടെ തിരക്കാണ്. പച്ചക്കറി – പലചരക്ക് വിപണിയിൽ തിരുവോണ വിഭവങ്ങളൊരുക്കാൻ വീട്ടമ്മമാരുടെ തിരക്കാണ്.