കോട്ടയം: കേരള കോൺഗ്രസിൽ തർക്കം രൂക്ഷമാണെങ്കിലും ജോസ് കെ. മാണി വിഭാഗം പാലാ ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ മൗനം തുടരും. പി.ജെ.ജോസഫിനെ ഒന്നിനു പിറകെ ഒന്നായി കുത്തി നോവിച്ച ജോസ് വിഭാഗം ഇന്നലെ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് മനപൂർവം ഒഴി‌ഞ്ഞുമാറി. അതേസമയം, ഇടഞ്ഞുനിൽക്കുന്ന പി.ജെ. ജോസഫിനെ മയപ്പെടുത്താൻ ഇന്നലെ കോട്ടയം ഡി.സി.സിയിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും അത് ഇന്നത്തേക്ക് മാറ്റിയിരിക്കയാണ്.

പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും പി.ജെ ജോസഫ് വിട്ടുനില്ക്കുമെന്ന് കേട്ടല്ലോയെന്ന ചോദ്യത്തിന് 'ഇപ്പോൾ പ്രതികരിക്കാനില്ലെന്നാ'യിരുന്നു ജോസ് കെ.മാണിയുടെ മറുപടി. ജോസ് വിഭാഗം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജാവട്ടെ 'ഞങ്ങൾ പ്രകോപനത്തിനില്ലെന്നും ജോസഫ് സാർ തയാറായാൽ ഒന്നിച്ച് പ്രവർത്തിക്കുമെന്നുമായിരുന്നു' പ്രതികരിച്ചത്. ചുരുക്കത്തിൽ ജോസ് വിഭാഗം ജോസഫിനോടുള്ള സമീപനത്തിൽ അല്പം മയപ്പെടുത്തൽ വരുത്തിയിട്ടുണ്ട്. എന്നാൽ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജോസ്-ജോസഫ് വൈര്യം ഇരട്ടിക്കുമെന്നതിൽ സംശയമില്ല.

അതേ സമയം, ഇന്ന് കോട്ടയത്ത് നടക്കുന്ന ജോസ്, ജോസഫ് വിഭാഗം നേതാക്കളുമായുള്ള യു.ഡി.എഫ് ചർച്ചയിൽ ജോസഫിനെ അനുനയിപ്പിക്കാൻ സാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ജോസഫിനെ എങ്ങനെയും തിരഞ്ഞെടുപ്പ് രംഗത്ത് എത്തിക്കുവാനുള്ള ശ്രമം തുടരും. യു.ഡി.എഫിന്റെ ഭാഗമായ പി.ജെ ജോസഫ് ഒറ്റയ്ക്ക് പ്രചാരണത്തിനിറങ്ങിയാൽ അത് സ്ഥാനാർത്ഥി ജോസ് ടോമിന് ഗുണം ചെയ്യില്ലെന്ന് യു.‌‌ഡി.എഫ് കരുതുന്നു. എങ്ങനെയും യോജിച്ചുള്ള പ്രവർത്തനത്തിനാണ് യു.ഡി.എഫ് ശ്രമിക്കുക. അത് വിജയിക്കുമെന്നുതന്നെയാണ് നേതാക്കളുടെ കണക്കുകൂട്ടൽ. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം വൻഭൂരിപക്ഷത്തോടെ പാലായിൽ വിജയിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ 'ഫ്ലാഷി'നോട് പറഞ്ഞു.

അതേസമയം, പ്രചാരണത്തിൽ ഇടതുമുന്നണിയും ബി.ജെ.പിയും ബഹുദൂരം മുന്നോട്ടുപോയിരിക്കുകയാണ്. ജോസ് ടോം പ്രചാരണത്തിൽ സജീവമാണെങ്കിലും കേരള കോൺഗ്രസിനുള്ളിലെ അന്തച്ഛിദ്രം എങ്ങനെയാകുമെന്ന ആശങ്ക യു.ഡി.എഫ് ക്യാമ്പിനുണ്ട്.