കുറവിലങ്ങാട് : കടപ്ലാമറ്റം പഞ്ചായത്തിലെ പ്രധാന റോഡായ ഇലയ്ക്കാട് വലിയമരുത് റോഡ് തകർന്ന് തരിപ്പണമായിട്ട് 2 വർഷത്തിലേറെയായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. റോഡിന്റെ ശോചനീയവസ്ഥ ചൂണ്ടിക്കാണിച്ച് എം.എൽ.എ , പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവർക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു. ഇതിന്റെ ഫലമായി 2 മാസം മുൻപ് റോഡ് നവീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ മഴ തുടങ്ങിയതോടെ ഇതും പൂർത്തിയായില്ല . ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇലയ്ക്കാട് ഹരിജൻ കോളനി , കുണുക്കുംപാറ , ലേബർ ഇന്ത്യ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളെ തമ്മിൽ ബന്ധിക്കുന്ന റോഡാണിത്. ഇതോടെ ഇതുവഴി ആകെയുള്ള സ്വകാര്യ ബസ് സർവീസ് നിർത്തിയിട്ട് നാല് മാസത്തിലേറെയായി. ഇതോടെ ആകെ വലയുന്നുണ്ട് പ്രദേശവാസികളാണ്. സ്‌കൂൾ വിദ്യാർത്ഥികളും ജോലിക്കാരും രണ്ട് കിലോമീറ്ററിലധികം കാൽനടയായി സഞ്ചരിച്ച് മടയകുന്ന്, വളകുഴി, നെല്ലിക്കുന്ന് എന്നിവിടങ്ങളിൽ എത്തിയാൽ മാത്രമേ മറ്റിടങ്ങളിലേക്ക് പോവാൻ സാധിക്കുകയുള്ളൂ. അതല്ലെങ്കിൽ ഓട്ടോറിക്ഷയാണ് മറ്റൊരാശ്രയം .ഇതിനായി ദിവസവും 120 രൂപ മുടക്കേണ്ടിയും വരും.