കോട്ടയം: രാജഭരണകാലത്തിന്റെ ഓർമ്മകൾ പുതുക്കി രാജകുടുംബാംഗങ്ങൾക്ക് ഉത്രാടക്കിഴി സമർപ്പിച്ചു. വയസ്‌കര രാജഭവനിലെ എൻ.കെ സൗമ്യവതി തമ്പുരാട്ടിയ്‌ക്കാണ് ഓണസമ്മാനമായി ഉത്രാടക്കിഴി സമർപ്പിച്ചത്. ഇന്നലെ രാവിലെ 11 ഓടെ വയസ്‌കര രാജഭവനിൽ എത്തിയ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എയാണ് തമ്പുരാട്ടിയ്‌ക്ക് ഉത്രാടക്കിഴി സമർപ്പിച്ചത്. 1001 രൂപയാണ് കിഴിയായി സമർപ്പിക്കുന്നത്. രാജഭരണകാലത്ത് രാജകുടുംബാംഗങ്ങളിലെ സ്‌ത്രീകൾക്ക് ഓണക്കാലത്ത് പുതിയ വസ്‌ത്രം വാങ്ങുന്നതിനായി പണം നൽകുന്ന പതിവുണ്ടായിരുന്നു. ഇതിനെ ഉത്രാടക്കിഴി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. തിരുവതാംകൂറും - കൊച്ചിയും ലയിപ്പിച്ച് ഐക്യകേരളമായതോടെ ഉത്രാടക്കിഴി നൽകുന്ന ചുമതല സർക്കാരിനായി. കൊച്ചി രാജവംശത്തിൽപ്പെട്ട ഇളങ്കുന്നപ്പുഴ നടയ്‌ക്കൽ കോവിലകം അംഗമാണ് സൗമ്യവതി തമ്പുരാട്ടി. വയസ്‌കര രാജഭവനിൽ എ.ആർ രാജരാജവർമ്മയുടെ ഭാര്യയാണ്. കൊച്ചിരാജവംശത്തിന്റെ പിൻമുറക്കാരി എന്ന നിലയിലാണ് ഉത്രാടക്കിഴി ലഭിക്കുന്നത്. കിഴക്കുംഭാഗം മനയ്‌ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെയും, കുഞ്ഞിക്കാവ് തമ്പുരാട്ടിയുടെയും മകളാണ്.