കോട്ടയം : തിരുവോണത്തലേന്ന് നടി മഞ്ജുവാര്യർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ. കേസിൽ പ്രതിയായോ, ഷൂട്ടിംഗിനായോ അല്ല. ഓണാഘോഷ പരിപാടികളിലെ മുഖ്യാതിഥിയായി എത്തിയതാണ്. സൂപ്പർതാരത്തിനൊപ്പം സെൽഫിയെടുത്തും സദ്യയുണ്ടും കാക്കിപ്പട ഓണാഘോഷം ഗംഭീരമാക്കി.
ഇന്നലെ രാവിലെ മുതൽ സ്റ്റേഷനിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളായിരുന്നു. നടിയെത്തുമെന്ന വിവരം സി.ഐ എം.ജെ അരുണിന് അറിയാമായിരുന്നെങ്കിലും രഹസ്യമാക്കി വച്ചു. പൂക്കളമിട്ട് സദ്യവട്ടം തയ്യാറാക്കി ഓണപ്പരിപാടികളിലേക്ക് കടക്കുകയാണ്. ഡിവൈ.എസ്.പി ആർ.ശ്രീകുമാർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യാതിഥിയുടെ വരവ്. ഇതോടെ പൊലീസുകാരും അമ്പരന്നു. റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മഞ്ജു അടങ്ങുന്ന സംഘം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതിനിടെയാണ് ചില പൊലീസുകാർ ഓണപ്പരിപാടികളിൽ പങ്കെടുക്കണമെന്ന അഭ്യർത്ഥന മഞ്ജുവിന് മുന്നിൽവച്ചത്. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ നിർമ്മൽ ബോസ്, എസ്.ഐമാരായ മഹേഷ്, ശ്രീജിത്ത്, മനു വി.നായർ, എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും പരിപാടികളിൽ പങ്കെടുത്തു.