കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാർത്ഥികൾ. 21ന് ശ്രീനാരായണഗുരു സമാധി ദിനമായതിനാൽ 20 ന് കൊട്ടിക്കലാശം നടത്തണം. ഇതിനിടെയെത്തിയ ഓണം പ്രചാരണത്തെ ആലസ്യത്തിലാക്കിയെങ്കിലും ഉത്രാടപ്പാച്ചിലും ഓണസദ്യയുമെല്ലാം വോട്ടോണമാക്കി മാറ്റാനുള്ള തത്രപ്പാടിലാണ് സ്ഥാനാർത്ഥികൾ.

സ്കൂളും കോളേജും അടച്ചതോടെ പല വീടുകളിലും വോട്ടർമാരില്ല. വ്യാപാര സ്ഥാപനങ്ങളിൽ തിരക്കായതിനാൽ അവിടെ കയറിയിറങ്ങി വോട്ടു ചോദിക്കുക ബുദ്ധിമുട്ടാണ്. ഓണാഘോഷ വേദികളിലെത്തി വോട്ട് തേടുന്ന തന്ത്രമാണ് സ്ഥാനാർത്ഥികൾ പയറ്റുന്നത്. ഇന്നലെ ഉത്രാടപ്പാച്ചിലിന്റെ തിരക്കിൽ പച്ചക്കറി വിപണികളിലും ഓണച്ചന്തകളിലുമെല്ലാം തൊഴുകൈയോടെ നിറപുഞ്ചിരിയോടെ സ്ഥാനാർത്ഥികളെത്തി.

സ്ഥാനാർത്ഥികളുടെ ഓണം

തിരുവോണദിനമായ ഇന്ന് അനാഥമന്ദിരങ്ങളിൽ കയറിയിറങ്ങി അന്തേവാസികൾക്കൊപ്പം ഓണമുണ്ണാനാണ് സ്ഥാനാർത്ഥികളുടെ തീരുമാനം. ഒപ്പം വോട്ടർമാർ കൂടുതലുള്ള വലിയ കുടുംബങ്ങളിലെ ഓണസദ്യയ്ക്കുമെത്തും. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം മരിയസദനത്തിലെ അന്തേവാസികൾക്കൊപ്പവും, എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരി പയറപ്പാർ ജാനകി ബാലികാസദനത്തിലും വടവാതൂരിലെ വൃദ്ധസദനത്തിലും ഓണസദ്യയിൽ സംബന്ധിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള പങ്കെടുക്കുന്ന ഓണാഘോഷത്തിലും ഹരി സംബന്ധിക്കും.

ഇടതുസ്ഥാനാർത്ഥി മാണി സികാപ്പൻ കിഴതടിയൂർ സഹകരണ ബാങ്ക് പ്രസിഡന്റായ സഹോദരൻ ജോർജ് സി കാപ്പന്റെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം ഓണസദ്യയുണ്ണും. ചെത്തിമറ്റം ദൈവദാൻ സെന്ററിലെ അന്തേവാസികൾക്കൊപ്പവും ഓണം പങ്കിടും.

അനുനയ നീക്കം സജീവം

സമാന്തര പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ച പി.ജെ ജോസഫിനെ പിന്തിരിപ്പിക്കാൻ യു.ഡി.എഫ് ചെയർമാൻ ബെന്നിബഹനാൻ, മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉപസമിതി മോൻസ് ജോസഫ് , ടി.യു കുരുവിള, ജോയി എബ്രഹാം എന്നിവരുമായി ഡി.സി.സിയിൽ ഇന്നലെ ചർച്ച നടത്തി. വോട്ടുചോർച്ചയുണ്ടാകാതിരിക്കാൻ കർശന നിർദ്ദേശമാണ് നേതാക്കൾക്ക് നൽകിയിരിക്കുന്നത്.