കോട്ടയം: ശ്രീനാരായണഗുരുദേവന്റെ കുമരകം സന്ദർശന സ്മാരകമായ പഴയ ഭജനമന്ദിരത്തിന്റെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് അഡ്വ. വി.പി അശോകൻ പറഞ്ഞു.
കെട്ടിടത്തിന്റെ ജീർണോദ്ധാരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്താനെത്തിയപ്പോൾ ശ്രീനാരായണഗുരുദേവൻ വിശ്രമിച്ച കെട്ടിടമാണ് ഇപ്പോൾ പുതുക്കിപ്പണിയുന്നത്. പഴയകെട്ടിടത്തിന്റെ ഓടുമേഞ്ഞ മേൽക്കൂരയും തടികളും കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായിരുന്നു. കഴിഞ്ഞമാസം 18 ന് ചേർന്ന ദേവസ്വം വാർഷിക പൊതുയോഗം കെട്ടിടത്തിന്റെ മേൽക്കൂര പുതുക്കിപ്പണിയാൻ തീരുമാനിച്ചു. ഇതനുസരിച്ച് ഓട് എടുത്തുമാറ്റിയശേഷം മേൽക്കൂട് പൊളിക്കാൻ ശ്രമിക്കുന്നതിനിടെ ദുർബലാവസ്ഥയിലായ തൂണും ഭിത്തിയുമുൾപ്പെടെ നിലം പൊത്തി. ഒരുനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തിന് യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതിരുന്നതും ചിതലിന്റെ ഉപദ്രവവും കാരണമാണ് ഭിത്തി തകർന്നത്. മേൽക്കൂര മാത്രം നന്നാക്കാനായിരുന്നു പൊതുയോഗം തീരുമാനിച്ചതെങ്കിലും ഭിത്തിയുൾപ്പെടെ തകർന്നുവീണ സാഹചര്യത്തിൽ കെട്ടിടം അടിമുടി പുതുക്കിപ്പണിയാൻ നിർബന്ധിതരാവുകയായിരുന്നു. കഴിഞ്ഞദിവസം ദേവസ്വം പൊതുയോഗവും ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ ഭാഗമായ കുമരകം പ്രദേശത്തെ നാല് എൻ.എൻ.ഡി.പി യോഗം ശാഖപ്രതിനിധികളുടെയും അടിയന്തിര യോഗം വിഷയം ചർച്ചചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഗുരുദേവന്റെ മഹാസമാധി ദിനത്തിന് മുമ്പ് സ്ട്രച്ചറൽ ജോലികൾ പൂർത്തിയാക്കും. മുമ്പുണ്ടായിരുന്ന ഭജനമന്ദിരത്തിന്റെ അതേ അളവിലും രൂപത്തിലുമാകും നവീകരണം. പഴമയും പാരമ്പര്യവും നിലനിറുത്താൻ പഴയകെട്ടിടത്തിന്റെ ഓട് തന്നെയാണ് ഉപയോഗിക്കുന്നത്.
അതേസമയം, ഈ കാര്യത്തിൽ ചില അപസ്വരങ്ങൾ ഉയർന്നത് ദൗർഭാഗ്യകരമാണ്. പഴയകെട്ടിടം പൊളിച്ചെന്ന വിമർശനം ക്രിയാത്മകമായി കാണും. എന്നാൽ പൊളിക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കിയിട്ടും മനസിലായില്ലെന്ന് നടിക്കുന്നവരോട് പ്രതികരിക്കാനില്ലെന്നും ജീർണിച്ചുപോയ ഒരു കെട്ടിടം പുതുക്കിപ്പണിയുന്നതിനെ എതിർക്കുന്നത് ദുരുദ്ദേശപരമാണെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രതിഷേധനാമജപം
ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ പൈതൃകസ്മാരകമായ ഭജനമഠം പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് എം.എൻ ഗോപാലൻ തന്ത്രിയുടെ നേതൃത്വത്തിൽ നൂറോളം ആളുകൾ തിങ്കളാഴ്ച കുമരകത്ത് പ്രതിഷേധ നാമജപജാഥയും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു.
പ്രതിഷേധക്കാർ പറയുന്നത്
പൊളിക്കാൻ ശ്രമിച്ചപ്പോൾ കെട്ടിടം തകർന്നതാണെങ്കിൽ ആ വിവരം പൊതുയോഗത്തെ ബോധ്യപ്പെടുത്തിയില്ല.
ഭിത്തി തകർന്നപ്പോൾ തറ ഉൾപ്പെടെ നീക്കം ചെയ്തത് ഭരണസമിതിയുടെ ധാർഷ്ഠ്യം.
ശ്രീനാരായണ ഗുരുദേവൻ വിശ്രമിച്ച ഭജനമഠം അതേപടി പൈതൃകമായി സംരക്ഷിക്കുകയായിരുന്നുവേണ്ടത്.
ഗുരുദേവന്റെ ആഗമനത്തിന് കാരണക്കാരായവരുടെ പിൻമുറക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി തീരുമാനം എടുത്തത് അനുചിതം
അഡ്വ. വി.പി. അശോകൻ, പ്രസിഡന്റ്
ശ്രീനാരായണഗുരുദേവനുമായി ബന്ധപ്പെട്ട എല്ലാ പ്രസിദ്ധീകരണങ്ങളും ലഭ്യമാകുന്ന ലൈബ്രറിയും പഠനമുറിയും ഉൾപ്പെടെ പുതിയ മന്ദിരത്തിലുണ്ടാകും. പരിസരം മനോഹരമായ ഉദ്യാനമായും സംരക്ഷിക്കും. അന്നത്തെ ക്ഷേത്രഭാരവാഹികൾ അരുവിപ്പുറത്ത് ഗുരുദേവനുമായി നടത്തിയ കൂടിക്കാഴ്ച, വള്ളത്തിലേറിയുള്ള ഗുരുവിന്റെ ആഗമനം, ക്ഷേത്രപ്രതിഷ്ഠ തുടങ്ങിയ കാര്യങ്ങൾ കെട്ടിടത്തിന്റെ ചുവരിൽ ശില്പചാരുതോടെ ആലേഖനം ചെയ്യും.