കോട്ടയം: യു.ഡി.എഫിനൊപ്പം പ്രചാരണത്തിനിറങ്ങാതെ പാലായിൽ സമാന്തര പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ച ജോസഫ് വിഭാഗത്തെ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന്റെ നേതൃത്വത്തിലുള്ള ഉപസമിതി അനുനയിപ്പിച്ച് താത്കാലിക വെടി നിറുത്തലിൽ എത്തിച്ചു.
യു.ഡിഎഫ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കുന്ന ജോസഫിനെതിരെ ജോസ് പക്ഷം പ്രവർത്തകരിൽ നിന്ന് കൂകൽ ഉൾപ്പെടെയുള്ള ഒരു അനിഷ്ടസംഭവവും ഉണ്ടാകാതെ നോക്കുമെന്ന് ബെന്നി ബെഹനാൻ, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരടങ്ങിയ ഉപസമിതി ജോസഫ് വിഭാഗം നേതാക്കളായ മോൻസ് ജോസഫ്, ടി.യു. കുരുവിള, ജോയ് എബ്രഹാം എന്നിവർക്ക് ഉറപ്പു നൽകി. ഈ വിവരം പി.ജെ. ജോസഫിനെ അറിയിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന് മോൻസ് ജോസഫ് അറിയിച്ചു.
യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്ത ജോസഫിനെ ജോസ് അനുയായികൾ കൂകി വിളിച്ചു. വാടാപോടാ വിളിയും നടത്തി. കേരള കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ പരിഹസിച്ചുള്ള ലേഖനവും വന്നതോടെയാണ് ജോസ് വിഭാഗത്തിനൊപ്പം ഇനി പ്രചാരണത്തിനില്ലെന്നും എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി ഒറ്റയ്ക്കു പ്രവർത്തിക്കുമെന്നും പ്രഖ്യാപിച്ച് പി.ജെ. ജോസഫ് പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നത്.