പൊൻകുന്നം: മണിമലക്കുന്നിലെ പേരൂർക്കാവിലെ ദുശ്ശാസനൻ ഇന്നാട്ടുകാർക്ക് ദൈവം. ചിങ്ങമാസത്തിലെ അവിട്ടം നാളിൽ അവർ നേർച്ചകാഴ്ചകളുമായി ദുശ്ശാസനമൂർത്തിക്കരികിലെത്തും ഉത്സവം കൊണ്ടാടാൻ. നാടിന്റെ കാവലാളായി വിശ്വസിക്കുന്ന ദുശ്ശാസനമൂർത്തിക്ക് ഭക്തർ കരിക്കുകൾ സമർപ്പിക്കും. പൂജകൾക്കുശേഷം കാവിലെ തറയിൽ കർമി കരിക്കുകൾ എറിഞ്ഞുടച്ച് അഭിഷേകം ചെയ്യും.
കിഴങ്ങുവർഗ്ഗങ്ങൾ ചുട്ടതും കള്ളുമാണ് ദുശ്ശാസനനു നേദിക്കുന്നത്.
ഇളങ്ങുളം സ്വദേശി മൂഴിക്കൽ ശ്രീധരനാണ് കൗരവമൂർത്തിയായ ദുശ്ശാസനന് പൂജ നടത്തി നേദ്യം നൽകുന്നത്. മലദൈവഭാവമാണ് ദുശ്ശാസനന് കൽപ്പിച്ചു കൊടുത്തിരിക്കുന്നത്. മലവിളി എന്ന ചടങ്ങാണ് പ്രധാനം. ശബരിമലവനത്തിൽ മലദൈവങ്ങളായി കൗരവർ കുടികൊള്ളുന്നുവെന്ന വിശ്വാസത്തിൽ ആ ദിക്കിലേക്ക് തിരിഞ്ഞുനിന്ന് കർമ്മി ഓരോ മലയുടെയും പേര് ചൊല്ലിയാണ് ചടങ്ങ് നിർവഹിക്കുന്നത്.