കോട്ടയം: നാളെ കുമരകം കവണാറിൽ നടക്കുന്ന കവണാറ്റിൻകര ജലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

വിരിപ്പുകാല ശ്രീനാരായണ ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിനോദസഞ്ചാര വികസന വകുപ്പ്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, അയ്മനം, കുമരകം ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 30 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. മത്സരത്തിന് മുന്നോടിയായ ഉച്ചക്ക് 1.30ന് വിരിപ്പുകാല ശ്രീശക്തീശ്വരം ക്ഷേത്രക്കടവിൽ നിന്ന് ജലഘോഷയാത്ര ആരംഭിക്കും. തുടർന്ന് പവലിയനിൽ നടക്കുന്ന സമ്മേളനം അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ യും വള്ളംകളി മത്സരം മന്ത്രി പി.തിലോത്തമനും ഉദ്ഘാടനം ചെയ്യും. തോമസ് ചാഴിക്കാടൻ എം.പി., എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ. ആശ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. 3ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കെ.കെ. ശിശുപാലൻ അദ്ധ്യക്ഷത വഹിക്കും. ജില്ല പൊലീസ് മേധാവി പി.എസ്. സാബു സമ്മാനദാനം നിർവഹിക്കും സംഘാടക സമിതി പ്രസിഡന്റ് ടി.ഡി.ഹരിദാസ്, ജനറൽ കൺവീനർ സി.കെ. വിശ്വൻ ആറ്റുചിറ എന്നിവർ അറിയിച്ചു.