കോട്ടയം: പാരമ്പര്യത്തിന്റെ പ്രൗഡിയൊട്ടും ചോരാതെ ഇത്തവണയും ഉത്രാടപ്പാച്ചിൽ മുറയ്ക്കുനടന്നു. പെട്ടിക്കട,വണ്ടിക്കട, വഴിവാണിഭം,

കുടുംബശ്രീ - സപ്ലൈകോ സഹായവിപണികൾ, മാളുകൾ തുടങ്ങി എല്ലായിടത്തും രാവിലെ മുതൽ നല്ല തിരക്കായിരുന്നു. വസ്ത്ര വ്യാപാരത്തിൽ ബ്രാൻഡഡ് ഷോപ്പുകളെക്കാൾ തിരക്ക് വഴിയോര വാണിഭത്തിലായിരുന്നു. 100 രൂപയ്ക്ക് വെള്ളമുണ്ടും, കൈലിയും വിൽക്കാൻ തമിഴ്നാട്ടിൽ നിന്ന് നിരവധി വ്യാപാരികളാണ് എത്തിയത്. കനത്തവില കൊടുത്ത് ഏത്തയ്ക്കയും വെളിച്ചെണ്ണയും വാങ്ങി ഉപ്പേരിയുണ്ടാക്കുന്നതിനേക്കാൾ ആളുകൾക്ക് താൽപര്യം റെഡ‌ിമെയ്ഡ് വറ ഇനങ്ങളോടായിരുന്നു. അതുകൊണ്ടുതന്നെ ഏത്തക്കുല വിപണിയിൽ മാന്ദ്യവും ഉപ്പേരിവിപണിയിൽ തിരക്കുമായി.

അതിനിടെ ചില വഴിയോര വ്യാപാരികളുടെ അതിരുവിട്ട പെരുമാറ്റത്തെ ചൊല്ലി അല്ലറചില്ലറ കശപിശകളുമുണ്ടായി. കാൽനട യാത്രക്കാരുടെ സൗകര്യങ്ങളൊ സുരക്ഷയൊ ഇവർ പരിഗണിച്ചില്ല. പൊതുസ്ഥലത്ത് പാചകവാതകം ഉപയോഗിച്ച് തീ കത്തിക്കരുതെന്ന കർശനമായ നിബന്ധനപോലും ലംഘിക്കപ്പെട്ടു. നല്ല തിരക്കുള്ള സമയത്ത് ആളിക്കത്തുന്ന ഗ്യാസ് അടുപ്പുകൾ ഉപയോഗിച്ച് നടപ്പാതയിൽ പലഹാരം പാചകം ചെയ്തിട്ടും അധികൃതർ കണ്ടതായി നടിച്ചില്ല.

ഇതിനെതിരെ സംസാരിച്ചവരോട് ഞങ്ങൾ ഇവിടെ തോന്നിയപോലെ എന്തും ചെയ്യും.... നീയാരാടാ......ചോദിക്കാൻ....? എന്നുവരെ പ്രതികരണമുണ്ടായി.

നല്ല തിരക്കുള്ള ദിവസങ്ങളിൽ നഗരത്തിലെ നടപ്പാതകളും റോഡുവക്കുമൊക്കെ അളന്ന് തിരിച്ച് വലിയ വാടകക്ക് കൊടുക്കുന്ന അദൃശ്യകരങ്ങൾ പ്രവർത്തിക്കുന്നതായാണ് വിവരം. അതിന് ചില അധികാരികളുടെ പിൻബലവുമുണ്ടെന്നാണ് ആക്ഷേപം. അവധി ദിവസങ്ങളിൽ തുറക്കാത്ത കടകളുടെ മുൻഭാഗം വഴിയോരക്കച്ചവടക്കാർക്ക് 2500രൂപ ദിവസവാടക നിശ്ചയിച്ച് നൽകുന്ന കച്ചവടക്കാരുമുണ്ട്.