അടിമാലി: വിമലാസിറ്റി പാലത്തിലൂടെയുള്ള കാൽനട യാത്ര മഴയത്ത് ദുഷ്‌ക്കരമാകുന്നു.വെള്ളത്തൂവൽ ടൗണിൽ നിന്നും പന്നിയാർകുട്ടിയിലേക്കുള്ള പാതയിലാണ് വിമലാ സിറ്റി പാലം .കൊന്നത്തടി വെള്ളത്തൂവൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിക്കുന്ന പാലത്തിലൂടെ ദിവസവും നൂറ് കണക്കിന് വാഹനങ്ങളും കാൽനടയാത്രികരും കടന്നു പോകുന്നു.എന്നാൽ മഴപെയ്യുന്നതോടെ പാലം ചെളിക്കുണ്ടായി തീരുകയാണ് പതിവ് .ഇത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രികർക്ക് ചെറിയ ബുദ്ധിമുട്ടല്ല വരുത്തുന്നത്.പാലത്തിന്റെ ഇരുഭാഗത്തുമുള്ള റോഡുകൾ റീടാർ ചെയ്യാൻ ടെൻഡർ എടുക്കുന്നവർ ടാർ ചെയ്യുമ്പോൾ പാലം ഒഴിവാക്കുന്നതാണ് പ്രശ്‌നത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.ഇതിനോടകം പാലത്തിൽ മഴവെള്ളം കെട്ടികിടക്കാൻ പാകത്തിൽ നിരവധി കുഴികൾ രൂപം കൊണ്ടിട്ടുണ്ട്.വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഈ കുഴികളിൽ നിന്നും ചെളിവെള്ളം തെറിക്കുന്നത് വഴിയാത്രക്കാരുടെ ദേഹത്താണ്.പാലത്തിന്റെ നിർമ്മാണ വേളയിൽ മഴവെള്ളം ഒഴുകി പോകും വിധം ചെറു സുഷിരങ്ങൾ തീർത്തിരുന്നു.കാലക്രമേണ മണ്ണ് വന്ന് ഈ സുഷിരങ്ങൾ അടഞ്ഞ് പോയതാണ് പാലത്തിൽ വെള്ളം കെട്ടികിടക്കാനും ചെളി രൂപപ്പെടാനും ഇടവരുത്തിയത്.വിമല സിറ്റി മുതൽ പന്നിയാർകുട്ടിക്കുള്ള പാത കഴിഞ്ഞ തവണ റീടാർ ചെയ്തിട്ടും പാലത്തിലെ കുഴിയടക്കാൻ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവും
ഉയരുന്നുണ്ട്.