കോട്ടയം: ശ്രീനാരായണ ഗുരുദേവ സ്മരണയിൽ കുമരകം കോട്ടത്തോട്ടിൽ 116 ാമത് ജലോത്സവം ഇന്ന് നടക്കും. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മം നിർവഹിക്കാൻ ശ്രീനാരായണഗുരുദേവൻ എത്തിയതിന്റെ ഓർമ പുതുക്കലാണ് കോട്ടത്തോട്ടിലെ ജലോത്സവം. 1903 ൽ വേമ്പനാട്ട് കായലിലൂടെ വള്ളത്തിൽ സഞ്ചരിച്ചെത്തിയ ഗുരുദേവനെ നാട്ടുകാർ നിരവധി കളിവള്ളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിലേക്ക് സ്വീകരിച്ച് ആനയിച്ചതിന്റെ പ്രതീകമായാണ് 115 വർഷമായി ചങ്ങമാസത്തിലെ ചതയദിനം കോട്ടത്തോട്ടിൽ ജലോത്സവം നടത്തുന്നത്.

ഇന്ന് ഉച്ചക്ക് 2ന് ശ്രീകുമാരമംഗലം ക്ഷേത്രസന്നിധിയിൽ നിന്ന് ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഗുരുദേവചിത്രവും ബാലമുരുകന്റെ തിടമ്പും വഹിച്ചുകൊണ്ടുള്ള ജലഘോഷയാത്ര ആരംഭിക്കും. നിരവധി കളിവള്ളങ്ങളും നാടൻ കലാരൂപങ്ങളും ഘോഷയാത്രയെ അനുഗമിക്കും. 2.30ന് നടക്കുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ജലോത്സവം കെ. സുരേഷ് കുറുപ്പ് എം.എൽ.എ യും ഉദ്ഘാടനം ചെയ്യും. ജലോത്സവ സംഘാടക സമിതി പ്രസിഡന്റ് വി.എസ്. സുഗേഷ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ഇരുട്ടുകുത്തി, വെപ്പ്, എ- ബി വിഭാഗങ്ങളും ചുരുളൻ വള്ളങ്ങളും പങ്കെടുക്കുന്ന വാശിയേറിയ മത്സരം നടക്കും. ഇരുട്ടുകുത്തി എ ഗ്രേഡിൽ വിജയിക്കുന്ന വള്ളത്തിനാണ് ശ്രീനാരായണ എവർറോളിംഗ് ട്രോഫി സമ്മാനിക്കുന്നത്. വൈകിട്ട് 6ന് ക്ഷേത്രമൈതാനത്ത് നടക്കുന്ന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ സമ്മാനദാനം നിർവഹിക്കും. ശ്രീനാരായണ ജയന്തി ജലോത്സവ കമ്മിറ്റി വൈസ് പ്രസിഡന്റ് പുഷ്കരൻ കുന്നത്തുചിറ അദ്ധ്യക്ഷത വഹിക്കും.