കോട്ടയം : പ്രളയത്തെക്കാൾ വേഗത്തിലായിരുന്നു പ്രഖ്യാപനങ്ങളുടെ വരവ്. പക്ഷെ, വെള്ളം ഒഴിയാൻ മടിച്ചതു പോലെ അപ്പർകുട്ടനാടിന്റെ മണ്ണിലിറങ്ങാൻ പദ്ധതികളും മടിച്ചു. അധികാരികളുടെ സന്ദർശനത്തിനു കുറവില്ലായിരുന്നു. കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്നു മാത്രം. യോഗം വിളിച്ച് അപ്പർ കുട്ടനാടിന്റെ പ്രശ്നങ്ങൾ അന്വേഷിക്കാൻ പോലും ആരും തയ്യാറായില്ല. മടവീഴ്ച കഴിഞ്ഞു, വെള്ളമൊഴിഞ്ഞു. ഇനിയൊന്നും കർഷകർ പ്രതീക്ഷിക്കുന്നില്ല.
വാഗ്ദാനച്ചിറ തകർന്നു
കഴിഞ്ഞ പ്രളയകാലത്തുള്ള വാഗ്ദാനമാണ് തകർന്ന ബണ്ടുകളുടെ പുനർനിർമ്മാണം. പാടശേഖരങ്ങൾ സന്ദർശിച്ച് ഉദ്യോഗസ്ഥർ എസ്റ്റിമേറ്റും തയ്യാറാക്കി. സഹായം പിന്നീട് കിട്ടുമെന്ന പ്രതീക്ഷയിൽ കർഷകർ സ്വയം മട കെട്ടി. ഇത്തവണ ഇറക്കിയ കൃഷിയും മട പൊട്ടി വെള്ളത്തിലായി. മടവീഴ്ചയ്‌ക്കൊരു സ്ഥിരം പരിഹാരമെന്ന അലമുറ ഇത്തവണയും ആരും കേട്ടില്ല. ജലാശയങ്ങളിൽ നിന്ന് മണ്ണും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് കൂട്ടുമെന്നും ഇങ്ങനെ കിട്ടുന്ന മണ്ണ് പുറംബണ്ടുകൾ ബലപ്പെടുത്താൻ ഉപയോഗിക്കുമെന്നും ഉറപ്പുണ്ടായെങ്കിലും ഒലിച്ചുപോയി.
വിള ഇൻഷ്വറൻസെന്ന കോമഡി
വിള ഇൻഷ്വറൻസ് കൊണ്ട് പ്രയോജനമില്ലെന്നും മുൻപുണ്ടായിരുന്ന സൗജന്യ വൈദ്യുതി കിട്ടുന്നില്ലെന്നുമാണ് കർഷകർ പറയുന്നത്. ഹെക്ടറിന് 250 രൂപ പ്രീമിയം വാങ്ങി നെൽക്കൃഷി ഇൻഷ്വർ ചെയ്യുന്നുണ്ട്. പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചാൽ 35,000 രൂപലഭിക്കുമെങ്കിലും ഇത്തവണ കിട്ടിയിട്ടില്ല. വെള്ളം വറ്റിക്കാൻ 10 എച്ച്.പി മുതൽ 25 എച്ച്.പി വരെയുള്ള മോട്ടർ പ്രവർത്തിപ്പിക്കാൻ 4,800 രൂപ വൈദ്യുതി ഓഫീസിൽ കെട്ടിവയ്ക്കണം.
പ്രതീക്ഷയുടെ പുഞ്ച
പുഞ്ചക്കൃഷിക്കായി വീണ്ടും ഒരുങ്ങുകയാണ് അപ്പർകുട്ടനാട്. സമയത്ത് വിത്തും വളവും കിട്ടിയാൽ വെള്ളപ്പൊക്ക നഷ്ടം മറികടക്കാം. ഒക്ടോബർ പകുതി മുതൽ നവംബർ വരെയാണ് വിത.
'' മേന്മയുള്ള വിത്തു കിട്ടിയാലേ സമയത്ത് കൃഷിയിറക്കാനാവൂ. പ്രളയശേഷം പാടങ്ങളിൽ അമ്ലത്വം കൂടുതലായതിനാൽ വെള്ളം വറ്റിച്ചു നിലം ഉഴുതു മറിക്കുന്നതിനു മുൻപ് കക്കയോ ഡോളോമെറ്റോ വിതരണം ചെയ്യണം''
- രാമകൃഷ്ണൻ, കർഷകൻ