പാലാ: എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരിക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് വീട്ടമ്മ. മുത്തോലി പഞ്ചായത്തിൽ, മുത്തോലി കടവിൽ ടാർപോളിൻ ഷെഡിൽ താമസിക്കുന്ന മിനി എന്ന വീട്ടമ്മയാണ് വോട്ട് അഭ്യർഥനയുമായെത്തിയ ഹരിക്കു മുന്നിൽ വികാരാധീനയായത്. ഇഷ്ടികക്കൂനയ്ക്കു മേൽ ടാർപോളിൻ വലിച്ചുകെട്ടിയാണ് മിനിയും മാതാവും താമസിക്കുന്നത്. 'പഞ്ചായത്തിനും സർക്കാരിനുമൊക്കെ നിരവധി തവണ നിവേദനം നൽകിയിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. കാലം കുറേയായി ഞങ്ങൾ ഇവിടെ ജീവനെ പേടിച്ച് കഴിഞ്ഞുകൂടുകയാണ്. ഇടതു വലതു രാഷ്ട്രീയക്കാരെ സമീപിച്ചിട്ടും ആരും സഹായിച്ചില്ല.. നിങ്ങളെങ്കിലും ഞങ്ങളെ സഹായിക്കണേ..' കൂപ്പുകൈകളോടെ വീട്ടമ്മ പറഞ്ഞു.
സേവാഭാരതിയുമായി ബന്ധപ്പെട്ട് ഇവർക്ക് വീട് നിർമിച്ചു നൽകാനാകുമോ എന്നു പരിശോധിക്കുമെന്ന് കുടുംബത്തെ ആശ്വസിപ്പിച്ചു കൊണ്ട് ഹരി പറഞ്ഞു. ഇതാണ് പാലായുടെ യഥാർഥ മുഖമെന്നും ഹരി കൂട്ടിച്ചേർത്തു. നേരത്തെ എൻ.ഡി.എയുടെ മണ്ഡല പര്യടനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പടിഞ്ഞാറ്റിൻ കരയിൽ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് വിജയപ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുത്തോലി, കൊഴുവനാൽ, മീനച്ചിൽ, എലിക്കുളം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർഥി നേരിട്ടെത്തി ജനങ്ങളോട് വോട്ടഭ്യർഥിച്ചു.