പാലാ: ഓണാഘോഷങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് ഇടതു മുന്നണി സ്ഥാനാർത്ഥി മാണി സി. കാപ്പൻ. ഓണദിനത്തിൽ നെല്ലിയാനി ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ച ഓണ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് അയ്യമ്പാറയിൽ ഭാവന ക്ലബ് നടത്തിയ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് നാടൻ മത്സരങ്ങളിൽ പങ്കാളിയായത് നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി.
തുടർന്ന് റിവർവാലി സ്‌പോർട്‌സ് ആൻഡ് സോഷ്യൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ എത്തി വോട്ടുതേടി. മരിയസദനത്തിൽ വോട്ടു തേടിയെത്തിയ മാണി സി കാപ്പന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പായസം നൽകി.
പിന്നീട് രാമപുരം പഞ്ചായത്തിലെ നെല്ലാപ്പാറ ജംഗ്ഷനിൽ പ്രവർത്തകർക്കൊപ്പം വോട്ടു തേടി. കുടക്കച്ചിറ വോളിബോൾ ടൂർണ്ണമെന്റ് വേദിയിലും വോട്ടു തേടിയശേഷം കുറുമണ്ണിലെ ഓണാഘോഷത്തിൽ പങ്കാളിയായി. ഇന്നലെ രാവിലെ മരണ വീടുകൾ സന്ദർശിച്ചു അനുശോചനം അറിയിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തി. അപ്പോഴേയ്ക്കും മന്ത്രി ഏ കെ ശശീന്ദ്രൻ എത്തിച്ചേർന്നു. തുടർന്നു പ്രവർത്തകരുമൊത്ത് തിരഞ്ഞെടുപ്പ് വിശകലനം. അതിനു ശേഷം സി.പി.എം ഓഫീസിൽ എത്തി കോടിയേരി ബാലകൃഷ്ണൻ, വി.എൻ വാസവൻ എന്നിവരുമായി കൂടിക്കാഴ്ച. തുടർന്ന് ലാലിച്ചൻ ജോർജ്, പി.എം. ജോസഫ് തുടങ്ങിയവരുമായി ചർച്ച. വീണ്ടും പ്രചാരണത്തിനായി പുറപ്പെട്ടു.