കോട്ടയം : നഗരത്തിലെ തിയേറ്ററുകളിൽ ഓണത്തിരക്കേറിയതോടെ ബ്ലാക്ക് ടിക്കറ്റ് മാഫിയ സംഘവും സജീവമായി. തിയേറ്ററുകൾ കേന്ദ്രീകരിച്ച് ബ്ലാക്കിൽ ടിക്കറ്റ് എടുത്ത് കൂടിയ വിലയ്‌ക്കു വിൽക്കുന്ന സംഘമാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തെ തിയേറ്റർ റോഡിലാണ് ഇവർ തമ്പടിക്കുന്നത്. തിയേറ്ററിലേയ്‌ക്കുള്ള ഇടവഴിയുടെ പ്രവേശനകവാടത്തിനുള്ളിൽ പല സ്ഥലത്തായി ഇവർ നിലയുറപ്പിക്കും. തുടർന്ന് സിനിമ ഹൗസ് ഫുൾ ആണെന്നും ടിക്കറ്റ് തങ്ങളുടെ കയ്യിലുണ്ടെന്നും പ്രചരിപ്പിക്കും. ടിക്കറ്റ് എടുക്കാൻ തയ്യാറായില്ലെങ്കിൽ ഇവർ അസഭ്യം പറയുന്നതായും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം തിയേറ്ററിനു മുന്നിലെത്തി ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്നവരെ പറഞ്ഞു വിടാൻ ശ്രമിച്ച തീയറ്റർ ജീവനക്കാരെ സംഘം വിരട്ടി ഓടിക്കാൻ ശ്രമിച്ചിരുന്നു. തിയേറ്റർ റോഡിലെ ബ്ലാക്ക് ടിക്കറ്റ് മാഫിയയെ നിയന്ത്രിക്കുന്നതിനായി പൊലീസ് ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തെ പല തവണ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസിന്റെ സാന്നിദ്ധ്യം കുറയുന്നതോടെ മാഫിയ വീണ്ടും പിടിമുറുക്കും.
അസഭ്യം കേൾക്കുന്നത് കുടുംബമായി എത്തുന്നവർ
ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്നവരിൽ നിന്നും ടിക്കറ്റ് വാങ്ങാൻ തയ്യാറാകാത്തവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഇവിടെ പതിവാണ്. കുടുംബമായി എത്തുന്നവരാണ് പലപ്പോഴും ഇത്തരം സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ ആക്രമണത്തിനും അസഭ്യത്തിനും ഇരയാകുന്നത്. മാഫിയ സംഘത്തെ ഭയന്ന് പലരും പരാതി പറയാൻ പോലും തയ്യാറാകുന്നില്ല.