prathi

കോട്ടയം: കഞ്ചാവ് വിൽപ്പനയെപ്പറ്റി എക്‌സൈസിന് വിവരം നൽകിയെന്നാരോപിച്ച് കഞ്ചാവ് മാഫിയ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വീടുകൾ അടിച്ചു തകർക്കുകയുംചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് ആർപ്പൂക്കര വില്ലൂന്നി തോപ്പിൽ ഹരിക്കുട്ടൻ (20), പിഷാരത്ത് സൂര്യദത്തൻ (18), സഹോദരൻ വിഷ്‌ണുദത്തൻ (19), ആർപ്പൂക്കര തൊണ്ണംകുഴി വട്ടപ്പറമ്പിൽ ആൽബിൻ ബാബു (19), പെരുന്നംകോട്ട് ലിറ്റോ മാത്യു (20), പാലത്തൂർ വീട്ടിൽ ടോണി (20), തെള്ളകം തടത്തിൽപ്പറമ്പിൽ നാദിർഷാ നിഷാദ് (40) എന്നിവരെ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു. രണ്ടാഴ്‌ച മുൻപ് പാമ്പാടിയിൽ ആളുമാറി ഗൃഹനാഥന്റെ കാല് തല്ലിയൊടിച്ചതും ഇതേ സംഘത്തിലുള്ളവർ തന്നെയാണെന്നും പൊലീസ് പറഞ്ഞു.

ക‌ഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് അഞ്ചു മാസം മുൻപ് കേസിലെ രണ്ടു പ്രതികളെ എക്‌സൈസ് അറസ്റ്റ് ചെയ്‌തിരുന്നു. ആർപ്പൂക്കര സ്വദേശിയായ ഷിജിൻ ബാബുവാണ് എക്‌സൈസിന് വിവരം നൽകിയതെന്നാരോപിച്ച് പ്രതികൾ തിരുവോണത്തലേന്ന് രാത്രിയിൽ മാരകായുധങ്ങളുമായി എത്തി ബൈക്കിൽ പോവുകയായിരുന്ന ഷിജിനെയും സുഹൃത്ത് ടോമിനെയും ആക്രമിച്ചു. തുടർന്ന് ഷിജിന്റെ ആർപ്പൂക്കര വില്ലൂന്നിയിലെ വീടും നീണ്ടൂർ കേസീസ് ബാർ ഉടമയുടെ കാറും മറ്റൊരു വീടും തല്ലിത്തകർക്കുകയായിരുന്നു.