കോട്ടയം: ഫാനിൽ കെട്ടിത്തൂങ്ങി മരിക്കാൻ ശ്രമിച്ച കാമുകനെ രക്ഷിച്ച് ആശുപത്രിയിലാക്കിയ ശേഷം കാമുകി ഭർത്താവിനൊപ്പം മുങ്ങി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ കാമുകൻ അയർക്കുന്നം സ്വദേശി ലിജു (കുമാർ -35) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്കു സമീപത്തെ ലോഡ്‌ജിലായിരുന്നു സംഭവം. കടുവാക്കുളം സ്വദേശിയായ കാമുകിയെ യുവാവ് ഈ ലോഡ്‌ജിലേയ്‌ക്ക് വിളിച്ചു വരുത്തുകയായിരുന്നു. പകൽ മുഴുവൻ ഇരുവരും ഒന്നിച്ച് ലോഡ്‌ജിൽ ചെലവഴിച്ചു. വൈകിട്ട് അഞ്ചു മണിയോടെ കാമുകി നോക്കി നിൽക്കെ ഇയാൾ ബെഡ് ഷീറ്റ് എടുത്ത് ഫാനിൽ കെട്ടിയ ശേഷം തൂങ്ങുകയായിരുന്നു. കാമുകി ഇയാളുടെ കാലിൽ പിടിച്ച് ഉയർത്തി നിർത്തിയ ശേഷം ഉറക്കെ നിലവിളിച്ചു. ഓടിയെത്തിയ മറ്റു താമസക്കാരും ജീവനക്കാരും ചേർന്ന് യുവാവിനെ രക്ഷിച്ചു. ഇവരുടെ സഹായത്തോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കാമുകി ഭർത്താവിനെ വിളിച്ചു വരുത്തി വീട്ടിലേയ്‌ക്കു പോയി. ചികിത്സയിൽ കഴിയുന്ന ലിജുവിന്റെ ബന്ധുക്കൾ എത്തിയിട്ടില്ല. യുവതി നൽകിയ നമ്പരിൽ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.