p-j-joseph

കോട്ടയം: ജോസ് വിഭാഗത്തിനൊപ്പം ചേർന്ന് ജോസ് ടോമിന് വോട്ടു ചോദിക്കാൻ മടിച്ചു നിന്ന പി.ജെ. ജോസഫ് യു.ഡി.എഫ് നേതാക്കളുടെ നിർബന്ധത്തിനും കർശന നിലപാടിനും വഴങ്ങി ഇന്ന് പാലായിൽ പ്രചാരണത്തിനിറങ്ങും. ജോസ് ടോമിന്റെ വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടന ചടങ്ങിൽ യു.ഡി.എഫ് നേതാക്കൾക്കൊപ്പം ഇന്ന് പങ്കെടുക്കുമെന്ന് ജോസഫ് അറിയിച്ചു.

യു.ഡി.എഫ് പ്രചാരണം വിലയിരുത്തുന്ന യോഗവും ഇന്നു നടക്കും. ഉമ്മൻചാണ്ടി അടക്കം പങ്കെടുക്കുന്ന യോഗത്തിൽ ജോസഫിന് പ്രചാരണച്ചുമതല നൽകിയേക്കും. അകന്നു നിൽക്കുന്ന ജോസഫ് വിഭാഗം പ്രാദേശിക നേതാക്കളുടെ സഹകരണവും ഉറപ്പ് വരുത്തും. ജോസഫ് വിട്ടു നിൽക്കുന്നത് ഉയർത്തിക്കാട്ടി യു.ഡി.എഫിൽ പാളയത്തിൽ പടയാണെന്ന പ്രചാരണമാണ് ഇടതുപക്ഷം നടത്തുന്നത്. അങ്ങനെയല്ലെന്ന് കാണിക്കാൻ ജോസഫിനെയും ജോസിനെയും വൈകിയ വേളയിലെങ്കിലും ഒന്നിച്ച് വേദിയിലെത്തിക്കാനാണ് ശ്രമം. ഇന്ന് ഇരുവരെയും ഒന്നിച്ചിരുത്തി ചർച്ച നടത്താനുമിടയുണ്ട്. ജോസഫിനെ കൂക്കിവിളിച്ചതിനെ തുടർന്ന് ജോസ്, ജോസഫ് അനുയായികൾ രണ്ട് ചേരിയായി നിൽക്കുകയാണ്. അനിഷ്ട സംഭവങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പ് യു.ഡി.എഫ് കൺവീനർ നൽകിയ സാഹചര്യത്തിൽ വിട്ടുനിൽക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് മോൻസ് ജോസഫ് അടക്കം ജോസഫിനെ ധരിപ്പിച്ചു. പ്രചാരണ യോഗങ്ങളിൽ സ്വന്തം പ്രവർത്തകരെ നിയന്ത്രിക്കണമെന്ന കർശന നിർദ്ദേശം യു.ഡി.എഫ് നേതാക്കൾ ജോസിന് നൽകിയിട്ടുണ്ട്.

54 വർഷം കെ.എം. മാണി നിലനിറുത്തിയ പാലായിൽ രണ്ടില ചിഹ്നമില്ലാത്ത പ്രതികൂല സാഹചര്യവും ഇത്തവണയുണ്ട്. അതിനാൽ എങ്ങനെയും സീറ്റ് നിലനിറുത്തുക കേരള കോൺഗ്രസിന് അഭിമാനപ്രശ്നമാണ്. ഇടതു പ്രചാരണം മുഖ്യമന്ത്രിയെ ഉൾപ്പെടെ പങ്കെടുപ്പിച്ച് ഏറെ മുന്നേറിക്കഴിഞ്ഞു. ഇനിയും ജോസഫിനെ അകറ്റി നിറുത്തുന്നത് ബുദ്ധിയല്ലെന്ന് മനസിലാക്കി തത്കാലം വിമർശനം ഒഴിവാക്കാനാണ് ജോസ് വിഭാഗത്തിന്റെ തീരുമാനം.

കാപ്പൻ വാഹനപ്രചാരണത്തിന്,

ഏറെ മുന്നേറി ഹരി

ഇടതു സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ വാഹന പ്രചാരണം ഇന്ന് തുടങ്ങും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തിക്കഴിഞ്ഞു. 18 മുതൽ മൂന്ന് ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഒൻപത് യോഗങ്ങളിൽ പങ്കെടുക്കുന്നതോടെ പ്രചാരണം ക്ലൈമാക്സിലെത്തും.

അതേസമയം, എൻ.ഡി.എ സ്ഥാനാർത്ഥി എൻ. ഹരി മണ്ഡല പര്യടനത്തിൽ ഏറെ മുന്നിലാണ്. ബി.ജെ.പി ദേശീയ, സംസ്ഥാന നേതാക്കളുൾപ്പെടെ ഒപ്പമുണ്ട്.