edamlakudy
ഫോട്ടോ: ഇടമലക്കുടിയില്‍ നിന്നും രോഗിയെ കഴയില്‍ ചുമന്നുകൊണ്ടു വരുന്നു

അടിമാലി: 25 കി.മീ.കൊടും കാട്ടിലൂടെ രോഗിയെയും ചുമന്നു ഇടമലക്കുടിക്കാർ.രണ്ടു ദിവസമായി പനി ബാധിച്ച് അവശനായ ആണ്ടവൻ കുടിയിലെ നടരാജനെയാണ് സുഹൃത്തുക്കൾ ചേർന്ന് മാങ്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.50 ഓളം പേർ ചേർന്ന് മരക്കമ്പിന്റെ നടുഭാഗത്ത് തുണി കെട്ടി രോഗിയെ അതിനുള്ളിൽ സുരക്ഷിതമായി ഇരുത്തി കമ്പിന്റെരണ്ട് തലയും തോളിലേറ്റിയായിരുന്നു യാത്ര. രാവിലെ 8ന് പുറപ്പെട്ട് 12.30 ഓടെ മാങ്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ആണ്ടവൻ കുടിയിൽ നിന്നും 18 കി.മീ. കാട്ടുപാതയിലൂടെ നടന്നാലാണ് ആനക്കുളത്തിനടുത്തുള്ള റോഡിലെത്തിചേരാനാവുക. 50 ഓളം പേർ ചേർന്ന് മാറി മാറി ചുമക്കും. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി എന്നും അവഗണനയുടെ ദുരിതക്കയത്തിലാണ്.കഴിഞ്ഞ പെരുമഴയിൽ സൊസൈറ്റിക്കുടിയിലേക്കുണ്ടായിരുന്ന ജീപ്പ് റോഡ് വിരിപ്പുകാട് ഭാഗത്ത് 10 മീറ്ററോളം ഭാഗത്ത് റോഡ് തകർന്നതിനെത്തുടർന്നാണ് പ്രദേശം ഒറ്റപ്പെട്ടത്. മൂന്നാറിൽ നിന്നും രാജമല, പെട്ടിമുടി വഴിയാണ് ഇടമലക്കുടിയിൽ എത്തിചേരാനുള്ള വഴിയുണ്ടായിരുന്നത്. പെട്ടിമുട്ടിയിൽ നിന്നും കാട്ടു റോഡിലൂടെ സാഹസിക യാത്ര നടത്തിയാൽ സ്ഥലത്തെത്താമാ യിരുന്നു. ഈ റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ ജനങ്ങൾ ആനക്കുളം, മാങ്കുളം വഴിയാണ് ഇവർ വിവിധ ആവശ്യങ്ങൾക്കായി അടിമാലി യിലെത്തുന്നത്. രോഗികൾക്ക് ഏക ആശ്രയമായ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചേരുന്നതിനുമുള്ള ഏക മാർഗം ഇതു വഴിയാണ്. മഴക്കാലമാകുന്നതോടെ രോഗികളെ ചുമന്നുകൊണ്ടുവരാനും ബുദ്ധിമുട്ടുകളുണ്ടാകുന്നു. ഇതിനിടെ ഇത്തവണത്തെ മഴയിൽ നിരവധി ഭാഗങ്ങളിൽ മലയിടിച്ചിലുണ്ടായി മൂന്ന് വീടുകളും ഹെക്ടടർ കണക്കിന് കൃഷിയും നശിച്ചിട്ടും ഇതുവരെ സാമ്പത്തിക സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. നിരവധി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും, അധികൃതർ ഇടമലക്കുടിക്കാരെ രക്ഷിയ്ക്കാൻ അടിയന്തിരമായി ഇടപെടണമെന്നും പഞ്ചായത്തംഗം ഷൺമുഖൻ പറഞ്ഞു.