കോട്ടയം : ചതയദിന ആഘോഷത്തിൽ പങ്കെടുക്കാനുള്ള തിരക്കിലായിരുന്നു ഇന്നലെ സ്ഥാനാർത്ഥികളെല്ലാം. മണ്ഡലത്തിന്റെ പരിധിയിലെ ശാഖകളിലെല്ലാം നേരിട്ടെത്തി ആഘോഷത്തിൽ പങ്കെടുത്തു. ജയന്തിദിനാഘോഷത്തിന്റെ ഭാഗമായുള്ള സദ്യയിലും സ്ഥാനാർത്ഥികൾ പങ്കാളികളായി.

ഗുരുദേവന്റെ പങ്ക് താരതമ്യങ്ങൾക്ക് അതീതം

കേരളത്തിന്റെ സാമൂഹ്യനവോത്ഥാനത്തിന് ഗുരുദേവന്റെ പങ്ക് താരതമ്യങ്ങൾക്കതീതമാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം പറഞ്ഞു. തലപ്പലം, പൂവരണി, വള്ളിച്ചിറ, വിളക്കുമാടം, പാലാ ടൗൺ എന്നിവിടങ്ങളിലെ ചതയദിനാഘോഷങ്ങളിലും ഘോഷയാത്രകളിലും അദ്ദേഹം പങ്കെടുത്തു.


ഗുരുദേവ ദർശനങ്ങൾക്ക്

ഇന്നും പ്രസക്തി : കാപ്പൻ

പാലാ : ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾക്ക് പ്രസക്തി വർദ്ധിച്ച് വരികയാണെന്ന് ഇടതുസ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. ഏതു കാലഘട്ടത്തിലും പ്രസക്തി നഷ്ടപ്പെടാത്ത ഗുരുദേവ ദർശനങ്ങൾ കേരളം ലോകത്തിനു നൽകിയ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.

ആഘോഷമാക്കി ഹരി

മീനച്ചിൽ ,മുത്തോലി ,കൊല്ലപ്പളി, തലപ്പുലം, പാല തെക്കേക്കര, ഇളംകുളം, ഇടനാട്, മൂന്നിലവ് എന്നിവിടങ്ങളിലെ ഗുരുദേവ പ്രാർത്ഥനകളിലും ചതയദിന ആഘോഷങ്ങളിലും അന്നദാനത്തിലും എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരി പങ്കെടുത്തു. തലപ്പുലത്ത് നടന്ന വിശ്വകർമ്മ കുടുംബസംഗമത്തിലും, തലപ്പുലം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിലും പങ്കെടുത്തു.

യു.ഡി.എഫിനായി വൻപട

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജോസ് കെ.മാണി എം.പി, മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് അടുത്ത ദിവസങ്ങളിൽ മണ്ഡലത്തിൽ പ്രചാരണത്തിനായി എത്തുന്നത്. 16 ന് തലനാട്, തലപ്പുലം പഞ്ചായത്തുകളിലെ വിവിധ യോഗങ്ങളിൽ ഇവർ പ്രസംഗിക്കും. ഇന്ന് മുതൽ 17 വരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഴുവൻ സമയവും പ്രചാരണ പ്രവർത്തനങ്ങളിലുണ്ടാകും.

ഹരിയുടെ പര്യടനം

എൻ.ഹരിയുടെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് തലനാട് പഞ്ചായത്തിലെ ചാമപ്പാറയിൽ പി.സി ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൂന്നിലവ്, മേലുകാവ്, കടനാട് പഞ്ചായത്തുകളിൽ പര്യടനം നടത്തി വൈകിട്ട് 7 ന് കൊല്ലപ്പള്ളിയിൽ സമാപിക്കും.